കോട്ടയം : പരിസ്ഥിതി ദുർബലപ്രദേശം, മഴ കനത്താൽ തലയ്ക്ക് മീതെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണി. എന്നിട്ടും വാഗമൺ കുന്നുകൾ ഇടിച്ച് നിരത്തി റിസോർട്ട് നിർമ്മാണം നിർബാധം തുടരുകയാണ്. ഇതിന് തടയിടേണ്ട അധികൃതരാകട്ടെ കണ്ണടച്ച് ഒത്താശ ചെയ്യുന്നതായാണ് പരാതി. വയനാട് ദുരന്തത്തിനു ശേഷം ''അധികാരികളേ ഇനിയും കണ്ണു തുറന്നില്ലെങ്കിൽ ഇളങ്കാട്, ഏന്തയാർ, കൂട്ടിക്കൽ, മുണ്ടക്കയം വരെയുള്ള ജനങ്ങളുടെ ജീവൻ അപകടത്തിൽ ' ബോർഡുകൾ വിവിധയിടങ്ങളിൽ ഉയർന്നു.
മഹാപ്രളയത്തിന് പിറകേ ഉണ്ടായ ഉരുൾപൊട്ടൽ ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് കിഴക്കൻജനത ഇതുവരെ മുക്തരായിട്ടില്ല. കൂറ്റൻ പാറമടകളും, കുന്നിൻ ചെരുവുകളിലെ നിർമ്മാണങ്ങളും പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു. കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളുടെ സമീപ പ്രദേശങ്ങളായ വാഗമൺ മലനിരകളിൽ എന്തു സംഭവിച്ചാലും ദുരന്തം അനുഭവിക്കുക താഴ്വാരത്തെ ജനങ്ങളാണ്. ഇളംകാടിൽ നിന്ന് വല്യേന്തറയിലേക്കുള്ള വഴിയിൽ മലയരിഞ്ഞ് തീർക്കുന്ന വൻ പാറമടകളുണ്ട്.
റോഡ് നിർമ്മാണം നീളുന്നതിലും ദുരൂഹത
തങ്ങൾ പാറ മല മുകളിൽ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് ഭരണസ്വാധീനം ഉപയോഗിച്ചുള്ള റിസോർട്ട് നിർമ്മാണം നടക്കുകയാണ്. ജനകീയപ്രതിഷേധത്തെ തുടർന്നു നിറുത്തിവച്ച പാറമടകളുടെ പ്രവർത്തനം പുന:രാരംഭിക്കാനുള്ള നീക്കവുമുണ്ട്. വല്യേന്തറയിൽ നിന്ന് വാഗമണ്ണിലേക്കുള്ള റോഡ് -ഇളംകാട് പാലം നിർമ്മാണം നീളുന്നത് ഇതിന്റെ ഭാഗമാണെന്നാണ് നാട്ടുകാരുടെ പരാതി.
വാഗമൺ മലനിരകളും സമീപ പ്രദേശങ്ങളും അതീവ പരിസ്ഥിതി ദുർബല പ്രദേശമാണ്. ശക്തമായ മഴയും മണ്ണിടിച്ചിലും ദുരന്തത്തിന് ഇടയാക്കുമെന്നതിനാൽ ശ്രദ്ധിക്കണം. പ്രാദേശിക തലത്തിൽ ഇതേക്കുറിച്ച് പഠിക്കാനും പ്രതിവിധി നിർദ്ദേശിക്കാനുമുള്ള സംവിധാനം ഏർപ്പെടുത്തണം.
ഡോ.റോക്സി മാത്യൂ കോൾ (ക്ലൈമറ്റ് സയന്റിസ്റ്റ് )