കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി ഗൈനക്കോളജി വിഭാഗം കെട്ടിടത്തിന് സമീപത്തുള്ള ആരോഗ്യ ബോധവത്കരണ സെന്റർ കാടുമൂടി കിടക്കുന്നു. കേന്ദ്രം പ്രവർത്തിക്കാതായിട്ട് നാളുകളായി. ഇതോടെ ഈ ഭാഗത്തേക്ക് ആരും തിരിഞ്ഞുനോക്കാതെയായി. പരിസരം കാടുമൂടിയതോടെ ഇഴജന്തുക്കൾ അടക്കം പ്രദേശം കയ്യടക്കിയിട്ടുണ്ട്. തെരുവുനായ്ക്കളുടെ ശല്യവും ഇവിടെ കൂടുതലാണ്. ഇതിന് സമീപത്തായാണ് ഗൈനക്കോളജി വിഭാഗത്തിലെ കൂട്ടിരിപ്പുകാർക്ക് വിശ്രമിക്കുന്നതിനുള്ള കെട്ടിടം സ്ഥിതി ചെയ്യുന്നത്. കൊവിഡ് കാലത്ത് വാക്‌സിനേഷൻ സെന്ററായി ഇവിടം പ്രവർത്തിച്ചിരുന്നു.
ദിനംപ്രതി നൂറുകണക്കിന് ആളുകൾ എത്തുന്ന ആശുപത്രി പരിസരം കാട് മൂടി കിടക്കുന്നത് ആശുപത്രി അധികൃതർ ഗൗരവമായി കാണുന്നില്ലായെന്ന് ആക്ഷേപമുണ്ട്. വിശ്രമിക്കുന്നതിനായി ക്രമീകരിച്ചിരിക്കുന്ന കെട്ടിടത്തിന്റെ ചുറ്റും കാട് പടർന്ന് പന്തലിച്ചത് കൂട്ടിരിപ്പുകാർക്ക് ആശങ്കയുണർത്തുന്നു. പ്രതിദിനം 50 രൂപ എന്ന നിരക്കിലാണ് ഇവിടെ മുറികൾ ക്രമീകരിച്ചിരിക്കുന്നത്. ഇഴജന്തുക്കളെ ഭയന്ന് വേണം ഇവിടെ കഴിയാനെന്ന് കൂട്ടിരിപ്പുകാർ പറയുന്നു. കൊതുക് ശല്യവും ഇവിടെ രൂക്ഷമാണ്. ഗൈനക്കോളജി വിഭാഗത്തിലെ പ്രവേശന ഭാഗത്ത് കൂട്ടിരിപ്പുകാരുടെ തിരക്കിനെ തുടർന്ന് ആളൊഴിഞ്ഞ ആരോഗ്യബോധവത്ക്കരണ സെന്ററിലാണ് പകൽ സമയങ്ങളിൽ കൂട്ടിരിപ്പുകാർ സമയം ചിലവഴിക്കുന്നത്. കൊതുക് കടിയേറ്റ് മറ്റ് സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുമോയെന്ന ആശങ്കയും കൂട്ടിരിപ്പുകാർക്കുണ്ട്.