uuu

കോട്ടയം: സമ്പൂർണ ശുചിത്വ കാമ്പസാകാൻ കോട്ടയം മെഡിക്കൽ കോളേജ്. ശുചിയാക്കാം ഹരിതമാക്കാം തുടർ ശുചീകരണ പദ്ധതിക്കാണ് തുടക്കമായത്. കുട്ടികളുടെ ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാനായി 32 കോടി രൂപയുടെ പ്രോജക്ട് സർക്കാരിന് സമർപ്പിച്ചതായി മന്ത്രി അറിയിച്ചു. മാലിന്യ മുക്ത മെഡിക്കൽ കോളേജ് എന്ന ആശയത്തിന്റെ പ്രചാരണത്തിനായി നടത്തിയ ശുചിത്വ സന്ദേശയാത്രയും മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.വർഗ്ഗീസ് പി.പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.രതീഷ് കുമാർ, ഐ.സി.എച്ച് സൂപ്രണ്ട് ഡോ.ജയപ്രകാശ്, മെഡിക്കൽ കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.ജെനീഷ് ജോയ്, നവജീവൻ ട്രസ്റ്റ് ചെയർമാൻ പി.യു തോമസ് തുടങ്ങിയവർ പങ്കെടുത്തു.

ആദ്യഘട്ടം ഉടൻ പൂർത്തിയാകും

മെഡിക്കൽ കോളേജ്, നഴ്‌സിംഗ് കോളേജ്, ഫാർമസി കോളേജ് വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഫ്ലാഷ് മോബും നടന്നു. ശുചിയാക്കാം ഹരിതമാക്കാം പദ്ധതിയുടെ ആദ്യഘട്ടം ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം മൂന്ന് മണിക്കൂർ വിദ്യാർത്ഥികൾ ശുചിത്വപ്രവർത്തനം നടത്തും.