rain

കോട്ടയം: മഴ കനക്കുകയാണ്... ഒപ്പം മലയോരത്ത് ആശങ്കയും. രണ്ട് ദിവസങ്ങളിലായി തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് ജില്ലയുടെ കിഴക്കൻ മേഖലയിൽ മണ്ണിടിച്ചിലും വ്യാപകമായി. മുണ്ടക്കയം, കാഞ്ഞിരപ്പള്ളി തുടങ്ങി കിഴക്കൻമേഖലകളിലാണ് ദുരിതമേറെ. കഴിഞ്ഞ ദിവസം റോഡിലേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് മലയോരമേഖലയിലേക്കുള്ള റോഡ് ഗതാഗതം തടസപ്പെട്ടിരുന്നു. ഇടിമിന്നലോടു കൂടിയ മഴയാണ് ജില്ലയിൽ പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകൂറായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കാനും തഹസിൽദാർമാർക്ക് നിർദ്ദേശമുണ്ട്.

ജില്ല ഓറഞ്ച് അലർട്ടിൽ
അതിശക്തമായ മഴ സാധ്യതയെത്തുടർന്ന് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു.

മഴ കൂടുതൽ മുണ്ടക്കയത്ത്
ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മുണ്ടക്കയത്ത്. ഇന്നലെ രാവിലെ വരെ 24 മണിക്കൂറിൽ മുണ്ടക്കയത്ത് 242 മില്ലി മീറ്റർ മഴയാണ് പെയ്തിറങ്ങിയത്.

ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ ലഭിച്ച മഴയുടെ അളവ്(മില്ലി മീറ്ററിൽ)

കാഞ്ഞിരപ്പള്ളി: 156.4
തീക്കോയി : 104
ഈരാറ്റുപേട്ട: 90
പാമ്പാടി: 31.4
കോട്ടയം: 10.4
കോഴ: 7.4