therasas-ulahannan

വൈക്കം: വിവിധയിനം ആന്തൂറിയങ്ങൾ, ഓർക്കിഡുകൾ, അഡീനിയം... കറുത്തേടത്ത് വീടിന്റെ ചുറ്റുമായി പൂച്ചെടികൾ നിറയുമ്പോൾ അത് തെരേസ് എന്ന കൊച്ചുത്രേസ്യയുടെ മനസ് നിറയ്ക്കുകയാണ്. ആരിലും കൗതുകമുണർത്തുന്ന കാഴ്ച. മികച്ച പൂക്കൃഷി കർഷകയ്ക്കുള്ള വൈക്കം കൃഷിഭവന്റെ പുരസ്‌ക്കാരത്തിന് വൈക്കം കറുത്തേടത്ത് തെരേസിനെ തിരഞ്ഞെടുത്തപ്പോൾ അത് അർഹതയ്ക്കുള്ള അംഗീകാരമായി മാറി.

വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ പറ്റാത്ത സ്‌നേഹം ഒരുപക്ഷേ ഒരു പൂവിലൂടെ കൈമാറാൻ കഴിയും എന്നാണ് തെരേസിന്റെ വിശ്വാസം. 800ഓളം ചട്ടി ആന്തൂറിയവും, 150ഓളം ചട്ടി അഡീനിയവും അത്രയോളം ഇനങ്ങൾ ഓർക്കിഡും ഇവിടെ തെരേസിന്റെ പൂങ്കാവനത്തിലുണ്ട്.
കാലാവസ്ഥയുടെ മാറ്റങ്ങൾക്കൊത്ത് പരിപാലനത്തിനും മാറ്റം വരുത്തണം. ആന്തൂറിയത്തിനും അഡീനിയത്തിനും കനത്ത മഴ താങ്ങാനാവില്ല. ഇലച്ചെടികൾക്കും തീവ്രമഴ ഭീഷണിയാണ്. ഓരോ ചെടികളുടേയും വളർച്ചയും തളർച്ചയും കണ്ടറിഞ്ഞ് പരിപാലനം അനിവാര്യമാണ്. ഓരോ ചെടികൾക്കും താങ്ങായി തണലായി കൂടെയുണ്ടാവണം ആ പരിപാലനമാണ് തെരേസിന്റെ കൈമുതൽ. വൈക്കത്തെ മുതിർന്ന പത്രപ്രവർത്തകൻ കുഞ്ഞച്ചന്റെ ഭാര്യയാണ്. മക്കൾ: പ്രിയാ ജെന്റി, പ്രിൻസ് കറുത്തേടൻ. മരുമകൻ: ജെന്റി ജോസഫ്.

വസന്തം നിറച്ച 40 വർഷങ്ങൾ

40 വർഷക്കാലമായി തെരേസ് പൂച്ചെടികളെ പരിപാലിക്കുന്നു. ഓരോ ചെടികളും കോൺക്രീറ്റ് സ്ലാബുകൾ നിർമ്മിച്ച് തട്ടുകളാക്കി തിരിച്ച തണൽ മറ നിർമ്മിച്ചാണ് പരിരക്ഷിക്കുന്നത്. വിപണന സാധ്യതയുള്ള പൂക്കളാണെങ്കിലും ഒരിക്കൽ പോലും വിറ്റു പണമാക്കാൻ ശ്രമിച്ചിട്ടില്ല തെരേസ്. ജാതി, കുരുമുളക്, മത്സ്യക്കൃഷി ഉൾപ്പെടെ തെരേസിന്റെ പുരയിടത്തിന് മുതൽക്കൂട്ടാണ്.