കോട്ടയം: റെക്കാഡ് പുതുക്കി 250 രൂപയും കടന്ന് കുതിച്ച റബർ വില വാരാന്ത്യത്തിൽ താഴേക്ക് നീങ്ങി. കപ്പൽ, കണ്ടയ്‌നർ ക്ഷാമം മൂലം കെട്ടിക്കിടന്ന ഇറക്കുമതി റബർ വിപണിയിലെത്തിയതാണ് വില കുറയാൻ ഇടയാക്കിയത്. ടയർ ലോബി വാങ്ങൽ നിറുത്തിയതോടെ വില 239 രൂപയിലേക്ക് താഴ്ന്നു. ഒരു ലക്ഷം ടൺ റബർ കൂടി ഈ മാസം വിപണിയിലെത്തും. വില കൂടുമെന്ന പ്രതീക്ഷയിൽ ഷീറ്റ് പിടിച്ചുവെച്ച വ്യാപാരികളും ഇതോടെ ചരക്ക് വിൽക്കുന്നതിനാൽ വില ഇനിയും ഇടിയുമെന്ന ഭീതിയേറി.
റബർ ഇറക്കുമതി വർദ്ധിപ്പിക്കാൻ ടയർ ലോബി സമ്മർദ്ദം ശക്തമാക്കുകയാണ്. തോരാമഴയിൽ ടാപ്പിംഗ് കുറഞ്ഞതിനാൽ ഷീറ്റ് ഉണക്കാനും കഴിഞ്ഞിരുന്നില്ല. ഇല പൊഴിച്ചിൽ ഉത്പാദനം കുറച്ചതോടെ ചെറുകിട കർഷകർക്ക് ഉയർന്ന വിലയുടെ നേട്ടം ഉണ്ടാക്കാനായില്ല. ടാപ്പിംഗ് സജീവമാകുന്നതോടെ വില ഇനിയും ഇടിഞ്ഞാൽ ചെറുകിട കർഷകർ കഷ്ടത്തിലാകും.
രണ്ടാഴ്ചക്കുള്ളിൽ 30 രൂപയുടെ കൂടിയതിന് ശേഷമാണ് വില ഇടിഞ്ഞത്. ബാങ്കോക്ക് വില 204 രൂപയിലേക്ക് ഉയർന്നു.ഇതോടെ രാജ്യാന്തര വിലയുമായുള്ള വ്യത്യാസം 35 രൂപയിലേക്ക് താഴ്ന്നു.
കർഷകരെ ബുദ്ധിമുട്ടിച്ച് ടയർ ലോബി കള്ളക്കളി നടത്തുകയാണ്. മെച്ചപ്പെട്ട വില ലഭിക്കാൻ കൃഷിക്കാർ ലാറ്റക്സിലേക്ക് തിരിയാതെ ഷീറ്റീലേക്ക് മടങ്ങി വരണം.
ജോർജ് വാലി
പ്രസിഡന്റ്
റബർ ഡീലേഴ്സ് അസോസിയേഷൻ
.
# 2023-24
റബർ ഉത്പാദനം -857000 മെട്രിക്ക് ടൺ
ഉപഭോഗം - 1416000 മെട്രിക്ക് ടൺ
ഇറക്കുമതി - 492682 മെട്രിക്ക് ടൺ
കയറ്റുമതി - 4199 മെട്രിക്ക് ടൺ
(റബർ ബോർഡ് കണക്ക്)