മുണ്ടക്കയം: വീണ്ടും മഴ കനക്കുമ്പോൾ ഭീതിയുടെ മുൾമുനയിലാണ് മലയോര ജനത. ചോറ്റി മാങ്ങാപേട്ട, കൂട്ടിക്കൽ കാവാലി എന്നിവിടങ്ങളിൽ ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലുമുണ്ടായത് ആശങ്ക ഇരട്ടിയാക്കി. വെള്ളിയാഴ്ച വൈകിട്ട് മുതൽ പെയ്ത മഴ രാത്രിയോടെ ശക്തമാക്കുകയായിരുന്നു. മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും പലയിടങ്ങളിലും വീടുകളിലടക്കം വെള്ളം കയറി. ഉരുൾപൊട്ടലിനെ തുടർന്ന് അർധരാത്രിയോടെ മുണ്ടക്കയത്ത് മണിമലയാറ്റിലെ ജലനിരപ്പുയരുന്ന സാഹചര്യവുമുണ്ടായി. ഇതോടെ ബൈപാസ് റോഡിലടക്കം വെള്ളംകയറി. കാവാലി കൂട്ടിക്കൽ റോഡിൽ അഞ്ചിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. പലയിടത്തും കൂറ്റൻ പാറക്കഷണങ്ങൾ ഉൾപ്പെടെ റോഡിൽ പതിച്ചു. പൂഞ്ഞാർ കാവാലി റോഡിൽ അനങ്ങുംപടിയിൽ മലയിടിഞ്ഞ് റോഡിലേക്ക് പതിച്ചതോടെ ഗതാഗതം തടസപ്പെട്ടു.
വീടുകളിൽ വെള്ളംകയറി വ്യാപകനാശം
മഴയിൽ പുല്ലുകയാറും മണിമലയാറും നിറഞ്ഞൊഴുകി. മുണ്ടക്കയം ബൈപ്പാസിൽ തോട് കരകവിഞ്ഞൊഴുകിയതോടെ നാലു വീടുകളിൽ വെള്ളം കയറി.ഏന്തായാറ്റിൽ കല്ലുപുരയ്ക്കൽ ജീമോൻ വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപം കുഴി രൂപപ്പെട്ടു. തുടർന്ന് അധികൃതരെത്തി മേഖലയിലെ ആളുകളെ മാറ്റിപാർപ്പിച്ചു. ചിറ്റടിയിലെ പതിനഞ്ചോളം വീടുകളിൽ വെള്ളം കയറി. വീട്ടുപകരണങ്ങളടക്കം വെള്ളം കയറി നശിച്ചു. റോഡിലേയ്ക്ക് മണ്ണും ചെളിയും ഒഴുകിയെത്തി. കാഞ്ഞിരപ്പള്ളിയിൽ ചിറ്റാർപുഴ കരകവിഞ്ഞെങ്കിലും പുലർച്ചെയോടെ ജലനിരപ്പ് താഴ്ന്നു. അഞ്ചലിപ്പ, ഇരുപത്തിയാറാം മൈൽ, ചങ്ങലപ്പാലം എന്നിവിടങ്ങളിലും വെള്ളംകയറുന്ന സ്ഥിതിയുണ്ടായി. അഞ്ചലിപ്പയിൽ രണ്ട് വീടുകളിലും, ഒരു കടയിലും വെള്ളംകയറി.