ss

കോട്ടയം : സ്കൂൾ മുറ്റക്കോണിലെ നെല്ലിമരത്തിലെ നെല്ലിക്ക മലയാളിക്കെല്ലാം ഗൃഹാതുരത്വമെങ്കിൽ യുവ എഴുത്തുകാരി രജനി പാലാമ്പറമ്പിലിന് കയ്പ്പനോർമ്മകളുടെ അടയാളമാണ്. രജനി ഇന്നോളം നനഞ്ഞ ദുരിത പെയ്ത്തിന് മേൽ എം.ജി സർവകലാശാല കുടചൂടുകയാണ്. രജനിയുടെ ആദ്യ രചനയായ 'ആ നെല്ലിമരം പുല്ലാണ് ' ബി.എ മലയാളം വിദ്യാർത്ഥികളുടെ സിലബസിൽ ഇടംപിടിച്ചു. കവിയെപ്പോലെ ഒരുവട്ടം കൂടി സ്കൂൾ മുറ്റത്തേയ്ക്ക് പോയി കുലുക്കാൻ തന്നെപ്പോലുള്ളവർക്ക് മധുരിക്കുന്ന നെല്ലിമരമില്ലെന്നാണ് രജനി പറയുന്നത്. കടുത്തുരുത്തി പാലാമ്പറമ്പിൽ രജനി, ജനിച്ച ജാതിയുടേയും കറുത്ത നിറത്തിന്റേയും പേരിൽ നേരിട്ട അപമാനങ്ങൾക്ക് കണക്കില്ല. കറുമ്പിയെന്ന് വിളിച്ചായിരുന്നു കണക്ക് ടീച്ചറുടെ പരിഹാസം. സഹികെട്ട് ചോദിച്ചപ്പോൾ രജനിയുടെ അർത്ഥം രാത്രിയെന്നാണെന്ന ന്യായീകരണവും. പാടത്തിന് നടുവിലെ ഓലമേഞ്ഞ വീട്ടിൽ മഴക്കാലത്തെ അതിഥികളായിരുന്നു പാമ്പും ചെളിയും. ചെളി നിറഞ്ഞ വസ്ത്രം തോട്ടിലിറങ്ങി കഴുകി ക്ളാസിൽ പോകേണ്ടി വന്ന ഗതികെട്ട കാലം. തലയോലപ്പറമ്പ് ‌ഡി.ബി കോളേജിൽ നിന്ന് പ്രീഡിഗ്രിയും ചങ്ങനാശേരി എൻ.എസ്.എസ് കോളേജിൽ നിന്ന് ബിരുദവും പൂർത്തിയാക്കി. പഠനകാലത്ത് പിൻബഞ്ചിലെ സ്ഥാനവും ഹോസ്റ്റൽ മുറികളിലെ വിവേചനവും ഇന്നും ഉള്ളുപൊള്ളിക്കും. സി.എം.എസ് കോളേജിൽ എം.എ സോഷ്യോളജിക്ക് ചേർന്നെങ്കിലും 22ാം വയസിൽ വിവാഹിതയായതോടെ പഠനം നിലച്ചു. പിന്നീട് മകൾ ജനിച്ചശേഷം ബി.എഡ് പൂർത്തിയാക്കി. ഭർത്താവ് മരിച്ചതോടെ കുടുംബഭാരം തോളിലായി. ഇപ്പോൾ താത്കാലികാടിസ്ഥാനത്തിൽ ഡിജിറ്റൽ റീസർവേയുടെ ഭാഗമായി ഫീൽഡ് ജോലിചെയ്യുകയാണ്.

 എഴുത്തു തുടക്കം ഫേസ് ബുക്കിൽ

ഫേസ് ബുക്കിലെഴുതിയ ഓർമ്മക്കുറിപ്പിന്റെ തുടർച്ചയായാണ് 2021 ൽ രജനിയുടെ ആത്മകഥ പിറക്കുന്നത്. ഗൂസ്‌ബെറി ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻസാണ് പ്രസാധകർ. രജനിയുടെ ജീവിതാനുഭവങ്ങളുടെ ആകത്തുകയാണ് പുസ്തകം. കവിഭാവനയെ നിഷേധിക്കും വിധമുള്ള തലക്കെട്ടിന് പിന്നിലും ദുരനുഭവങ്ങളുടെ മൂർച്ചയാണ്. മൂന്നാംപതിപ്പ് ഉടൻ പുറത്തിറങ്ങും. മകൾ അപർണ മോഹൻ എം.എസ്.ഡബ്ല്യുവും മകൻ ആനന്ദ്‌ മോഹൻ പ്ലസ്ടുവും പൂർത്തിയാക്കി. പുതിയ ചെറുകഥാ സമാഹാരത്തിന്റെ പണിപ്പുരയിലാണ് രജനി.