case

മുണ്ടക്കയം: കാണാതാകുന്നതിന് രണ്ടുമാസം മുൻപ് ഒരു യുവാവിനൊപ്പം മുണ്ടക്കയത്തെ ലോഡ്ജിൽ ജെസ്‌ന റൂമെടുത്തിരുന്നെന്ന് ഇവിടത്തെ മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. ലോഡ്‌ജ് ഉടമയുടെ ഭീഷണിയെത്തുടർന്നാണ് ഇക്കാര്യം അന്ന് വെളിപ്പെടുത്താതിരുന്നത്. ഈ കൊച്ച് എന്താണ് ഇവിടെ നിൽക്കുന്നതെന്ന് ലോഡ്ജുടമ ബിജുവിനോട് ചോദിച്ചപ്പോൾ പലരും ഇവിടെവരും ഇടപെടേണ്ട കാര്യമില്ലെന്നും ഇവിടെയുള്ള കാര്യങ്ങൾ പുറത്തു പറയരുതെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി.

25 വയസ് തോന്നിക്കുന്ന വെളുത്തു മെലിഞ്ഞ ഒരു പയ്യനോടൊപ്പം എത്തിയ ജെസ്‌ന എറണാകുളത്ത് പരീക്ഷയ്ക്ക് പോവുകയാണെന്നാണ് പറഞ്ഞത്. ഉച്ചയ്ക്ക് 12 ഓടെയാണിത്. അഞ്ചുമണിക്ക് മുൻപ് പോയി. ലോഡ്ജിൽ സി.സി ടിവി ക്യാമറയില്ല. എല്ലാവരുടെയും പേര് രജിസ്റ്ററിൽ എഴുതാറുമില്ല. തന്നെ നോക്കി ചിരിച്ചപ്പോഴാണ് പല്ലിലെ കമ്പി ശ്രദ്ധിച്ചത്. ജെസ്‌നയുടെ മുഖം ശരിക്കും ഓർമ്മയുണ്ട്. പിങ്ക് വസ്ത്രമാണ് ധരിച്ചിരുന്നത്. പയ്യനെ ഇപ്പോൾ കണ്ടാൽ മനസിലാകില്ല.

102ാം നമ്പർ മുറിയാണ് എടുത്തത്. രണ്ടു മാസത്തിന് ശേഷമാണ് പത്രത്തിലെ ഫോട്ടോകണ്ട് ജെസ്‌നയെ തിരിച്ചറിഞ്ഞത്. അന്നുവന്ന കൊച്ചല്ലേ ഇതെന്ന് ബിജുവിനോട് ചോദിച്ചപ്പോൾ നിനക്ക് വേറെ പണിയൊന്നുമില്ലേ എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി. ക്രൈംബ്രാഞ്ചിനോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു. തുടർന്ന് പത്തനംതിട്ട പൊലീസ് ലോഡ്ജുടമയെ ചോദ്യംചെയ്തിരുന്നു. ഇതോടെ ലോഡ്ജിൽ നിന്ന് എന്നെ ഇറക്കിവിട്ടു. അതിനുശേഷം എന്നെക്കുറിച്ച് മോശമായി പലതും പറഞ്ഞുണ്ടാക്കി. ഇതിനെതിരെ കേസ് കൊടുത്തിട്ടുണ്ട്. സി.ബി.ഐ ഇതുവരെ എന്നോട് വിവരം തിരക്കിയിട്ടില്ലെന്നും പറഞ്ഞു.

2018 മാർച്ച് 22നാണ് പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശിയും രണ്ടാംവർഷ ഡിഗ്രി വിദ്യാർത്ഥിയുമായിരുന്ന ജെസ്‌നയെ കാണാതായത്.

അങ്ങനെ ഒരാൾ

വന്നിട്ടില്ല: ലോഡ്ജുടമ

വ്യക്തിവൈരാഗ്യത്തെത്തുടർന്നാണ് മുൻ ജീവനക്കാരിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തലെന്ന് ലോഡ്ജുടമ ബിജു പറഞ്ഞു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന് പറഞ്ഞ് അവർ എനിക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. ഭീഷണിപ്പെടുത്തി പണവും ആവശ്യപ്പെട്ടു. എന്റെ ഓർമയിൽ അങ്ങനെ ഒരാൾ വന്നിട്ടില്ല. ഒരു ഡിവൈ.എസ്.പി പത്തനംതിട്ടയിലേക്ക് വിളിപ്പിച്ച് അന്വേഷണം നടത്തിയിരുന്നു. ജീവനക്കാരിയെയും വിളിപ്പിച്ചു. ലോഡ്ജിൽ വരുന്നവരിൽ നിന്ന് പൈസ ചോദിച്ച് വാങ്ങുക, മുറിയിൽ അനാവശ്യമായി തട്ടുക ഇതൊക്കെയായിരുന്നു അവരുടെ രീതി. ഇതാണ് ജോലിയിൽ നിന്ന് ജീവനക്കാരിയെ പറഞ്ഞുവിട്ടത്. തുടർന്ന് അഞ്ചുലക്ഷവും വീടും കൊടുത്തില്ലെങ്കിൽ കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി.

ജസ്ന ലോഡ്ജിൽ പോയിട്ടില്ലെന്ന് പിതാവ്
പത്തനംതിട്ട: ജസ്‌‌ന മുണ്ടക്കയത്തെ ലോഡ്ജിൽ താമസിച്ചിരുന്നുവെന്ന് മുൻ ജീവനക്കാരി പറഞ്ഞത് ശരിയല്ലെന്ന് ജസ്നയുടെ പിതാവ് ജെയിംസ് ജോസഫ്. ലോഡ്ജിൽ കണ്ടെന്ന് ജീവനക്കാരി പറഞ്ഞ ദിവസം ജസ്ന വീട്ടിൽ തന്നെയുണ്ടായിരുന്നു. അന്ന് മകൾ വീട്ടിൽ നിന്ന് പുറത്തുപോയിട്ടില്ല. കാണാതായ ദിവസങ്ങളിൽ ലോഡ്ജിൽ താൻ അന്വേഷണം നടത്തിയിരുന്നു. ജീവനക്കാരിയുടേത് അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകാമെന്നും പറഞ്ഞു. തിരോധാനക്കേസിൽ തുടരന്വേഷണം നടത്തുന്ന സി.ബി.ഐ സംഘം കഴിഞ്ഞയാഴ്ച ജെയിംസിനെ കണ്ട് വിവരങ്ങൾ ശേഖരിച്ചിരുന്നു.