കോട്ടയം: ഇതൊരു റോഡെന്ന് പറഞ്ഞാൽ ആരും മൂക്കത്ത് വിരൽ വെയ്ക്കും. പാടം ഉഴുത് മറിച്ചിട്ടപോലെയാണ്. ഒന്ന് യാത്ര ചെയ്തവർ പിന്നെ ഈ വഴി വരില്ല... പുതുപ്പള്ളി കണ്ണൻചിറ കൊട്ടാരത്തിൽക്കടവ് റോഡിലൂടെ യാത്ര ചെയ്യുന്നവർ സഹികെട്ട് പോകുകയാണ്. കോലംകെട്ട റോഡിൽ കോലംതിരിഞ്ഞ യാത്ര.
ഉണ്ണുനീലി റോഡെന്നറിയപ്പെട്ടിരുന്ന പുതുപ്പള്ളി കണ്ണൻചിറ കൊട്ടാരത്തിൽക്കടവ് റോഡ് ഏറെകാലമായി തകർന്ന അവസ്ഥയിലാണ്. വാകത്താനം പഞ്ചായത്ത് രണ്ടാം വാർഡിൽ ഉൾപ്പെടുന്ന റോഡാണിത്. പുതുപ്പള്ളി പള്ളി ജംഗ്ഷനിൽ നിന്നും ഞാലിയാകുഴി, വാകത്താനം, തെങ്ങണ എന്നിവിടങ്ങളിലേക്ക് എത്താനുള്ള എളുപ്പമാർഗമാണ് ഈ റോഡ്.എരമല്ലൂർ കൊച്ചാലുംമൂട് എന്നിവിടങ്ങളിലേക്കും പുതുപ്പള്ളി കോഴിമല റോഡിലൂടെ എത്താൻ സാധിക്കും. യാത്രക്കാർ ഏറെയുണ്ടെങ്കിലും പക്ഷേ റോഡിന്റെ നില മാത്രം ഏറെ ദാരുണം.
ഇനി എന്ന് നന്നാക്കാൻ...
നാളുകളായി റോഡ് നന്നാക്കുന്നതിനായി ശ്രമങ്ങൾ ആരംഭിച്ചെങ്കിലും പിന്നീട് തുടർനടപടികളുണ്ടായില്ല. റോഡിൽ കല്ലും മണ്ണും നിറഞ്ഞ് കിടക്കുന്ന നിലയിലാണ്. ഇതുവഴിയെത്തുന്ന ഇരുചക്രവാഹനങ്ങൾ കുഴിയിൽ ചാടി അപകടത്തിൽപ്പെടുന്നതിനും പതിവാണ്. പാടശേഖരങ്ങൾക്കും തോടിനും സമീപത്തുകൂടെ കടന്നുപോകുന്ന റോഡിൽ സംരക്ഷണഭിത്തി ഇല്ലാത്തതും അപകടങ്ങൾക്ക് ഇടയാക്കുന്നു.
അന്ന് വെള്ളക്കെട്ടിൽ അകപ്പെട്ടു
മഴക്കാലത്ത് റോഡിലെ വെള്ളക്കെട്ടിൽ കാർ അകപ്പെട്ടുപോയ സംഭവവുമുണ്ടായി. ഒരു വർഷം മുൻപ് ലോറിയും ഇവിടെ മറിഞ്ഞിരുന്നു. പിന്നീട് റോഡ് മണ്ണടിച്ച് ഉയർത്തിയെങ്കിലും സഞ്ചാരയോഗ്യമാക്കിയില്ല.
റോഡ് ഉയർത്തുകയും സംരക്ഷണ വേലി സ്ഥാപിക്കുകയും വേണം. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി റോഡ് ഗതാഗതയോഗ്യമാക്കണം. (യാത്രക്കാർ).