ഉരുളികുന്നം : കാഴ്ചയിൽ കുട്ടിക്കൂട്ടം. പക്ഷേ അവരുടെ കലാവാസനയ്ക്ക് അതിരുകളില്ല. ക്ലാസ് മുറിയിലെ കാഴ്ചകൾ അത് കാട്ടിത്തരും. രണ്ടാം ക്ലാസിലെ ഒരു അവധിക്കാലത്ത് എന്ന പാഠഭാഗം ആസ്പദമാക്കി ഗ്രാമത്തിലെയും നഗരത്തിലെയും കാഴ്ചകൾ ക്ലാസ് മുറിയിൽ ഒരുക്കിയാണ് ശ്രീദയാനന്ദ എൽ.പി സ്‌കൂളിലെ രണ്ടാം ക്ലാസിലെ കൊച്ചുകുട്ടുകാർ ശ്രദ്ധേയരായത്. ഗ്രാമ, നഗരവീടുകളും ബഹുനില മന്ദിരങ്ങളുമാണ് ഹാർഡ് ബോർഡും പാഴ് വസ്തുക്കളും കൊണ്ട് കുട്ടികൾ നിർമ്മിച്ചത്. കരവിരുതിന്റെ പാഠംകൂടിയായി കുട്ടികളുടെ ശ്രമം. മോഡൽ ഒരുക്കിയതിലൂടെ പാഠഭാഗം ലളിതമായ രീതിയിൽ കുട്ടികൾക്ക് മനസിലാക്കാൻ കഴിഞ്ഞെന്ന് പ്രഥമാദ്ധ്യാപിക കവിത കെ.നായരും അദ്ധ്യാപകരായ അർജുൻ പി.നായരും അഞ്ജലിയും അഭിപ്രായപ്പെട്ടു. മുതിർന്ന ക്ലാസിലെ ചേട്ടന്മാർക്കും ചേച്ചിമാർക്കും തങ്ങൾ ഉണ്ടാക്കിയ മോഡൽ കാണിക്കുന്ന സന്തോഷത്തിലാണ് ഈ കുരുന്നുകൾ.