arjuna

കോട്ടയം : വയനാട് ദുരന്ത പശ്ചാത്തലത്തിൽ സർക്കാർ ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയതോടെ കലാകാരന്മാർ കണ്ണീരിലായി. ക്ളബുകളും സംഘടനകളുമടക്കം ആഘോഷങ്ങൾ ഉപേക്ഷിച്ചു. ബുക്കിംഗുകളും റദ്ദാക്കി. പ്രളയത്തിനും കൊവിഡിനും ശേഷം കരകയറാൻ ശ്രമിക്കുന്ന തങ്ങൾക്ക് തരിച്ചടിയാണ് സർക്കാർ തീരുമാനമെന്നാണ് കലാകാരന്മാർ പറയുന്നത്. സമിതികൾക്കോ, സംഘടനകൾക്കോ ഓണാഘോഷം വേണ്ടെന്ന തീരുമാനം ബാധകമല്ലെങ്കിലും നാടിനോട് ഐക്യമുള്ള സംഘടനകളും ഓണപ്പരിപാടി ഉപേക്ഷിച്ചു. നാടകം, മിമിക്സ്, ഗാനമേള, നാടൻപാട്ട് തുടങ്ങിയ പരിപാടികളുടെ ബുക്കിംഗ് ആണ് സംഘാടകർ പിൻവലിച്ചത്. ഇത് കൂടാതെ മൈക്ക് സെറ്റ്, ലൈറ്റ്, പന്തൽ തൊഴിലാളികളും ആശങ്കയിലാണ്. ഇതോടെ ചെറുകിട കച്ചവടക്കാരും ബലൂൺ വിൽക്കുന്നവരും വരെ സങ്കടത്തിലായി.

 ഒരുക്കങ്ങൾ വെറുതെയായി

ഓണം മുതലുള്ള സീസൺ മുന്നിൽക്കണ്ട് ലക്ഷങ്ങളുടെ തയ്യാറെടുപ്പുകളാണ് നാടക, ബാലെ സമിതികളും ഗാനമേള ട്രൂപ്പുകളും നടത്തിയത്. നാടക സമിതികളിൽ 12 ലക്ഷത്തിന് മുകളിൽ മുതൽ മുടക്കിയവരുണ്ട്. പലരും കടംവാങ്ങിയാണ് തുക കണ്ടെത്തിയത്.

'' ദുരിത ബാധിതരെ കലാകാരന്മാർക്ക് സഹായിക്കണമെങ്കിലും പ്രോഗ്രാമുകൾ നടക്കണം. കെട്ടുതാലി പോലും പണയം വച്ചാണ് കലാകാരന്മാർ ഇറങ്ങുന്നത്. തൊഴിൽ ചെയ്യുന്ന ഞങ്ങളെ ഇനിയും ഇങ്ങനെ മഴയത്ത് നിറുത്തരുത്''

പ്രദീപ് മാളവിക, സംസ്ഥാന രക്ഷാധികാരി, കേരള ഡ്രാമാ വർക്കേഴ്‌ വെൽഫയർ അസോ.