ks

പാലാ : ഇത് വല്ലാത്ത ചതിയായിപ്പോയി,​ ' കത്തി നശിച്ചു പോയ ഇലക്ട്രോണിക് ഗൃഹോപകരണങ്ങളുടെ മുന്നിലിരുന്ന് ഏഴാച്ചേരിക്കാർ കെ.എസ്.ഇ.ബിയോടുള്ള അമർഷം കരഞ്ഞുതീർക്കുകയാണ്. ഈ കണ്ണീർ അധികൃതർ കാണണം. അമിതവോൾട്ടേജ് പ്രവാഹത്തിൽ ബൾബുകളും ട്യൂബുകളും പൊട്ടിച്ചിതറി. ഫാൻ , ടി.വി, ഫ്രിഡ്ജ്, ലാപ്‌ടോപ്പ് എന്നിവയടക്കം തകരാറിലായി. ഏറെയും പാവപ്പെട്ട കുടുംബങ്ങൾക്കാണ് നാശം. കെ.എസ്.ഇ.ബി രാമപുരം സെക്ഷന് കീഴിലെ ഏഴാച്ചേരി,ജി.വി.യു.പി സ്‌കൂളിന് സമീപത്തെ ട്രാൻസ്‌ഫോമറിന് കീഴിലാണ് സംഭവം. 200 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ 3 ദിവസങ്ങളിലായി വൈദ്യുതി തടസവും വോൾട്ടേജ് ഏറ്റക്കുറച്ചിലുകളും ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് ഉപഭോക്താക്കൾ രാമപുരം കെ.എസ്.ഇ.ബി ഓഫീസിലും പിന്നീട് എക്സിക്യുട്ടീവ് എൻജിനിയറോടും പരാതിപ്പെട്ടിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത ഇരുട്ടടി. യഥാസമയം പരാതി പറഞ്ഞിട്ടും നന്നാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൂട്ടാക്കത്തതിൽ വ്യാപക പ്രതിഷേധമാണുയരുന്നത്.

എല്ലാം നശിച്ചു,​ ഇനിയെന്ത് പരാതി

വൈദ്യുതി വ്യതിയാനം മൂലം ഗൃഹോപകരണങ്ങൾ നഷ്ടപ്പെട്ടവർ ഉടൻ രാമപുരം കെ.എസ്.ഇ.ബി ഓഫീസിൽ അറിയിക്കണമെന്ന് ഇതിനിടെ അധികൃതർ അറിയിപ്പും നൽകി. എന്നാൽ ഈ ഉത്സാഹം നേരത്തെ കാണിച്ചിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നുവെന്ന് ഉപഭോക്താക്കൾ പറയുന്നു. കെ.എസ്.ഇ.ബി ഓഫീസ് ഫോൺ: 9496008288