കൂരോപ്പട: ശ്രീനാരായണ ഗുരുദേവന്റെ 170ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി 2931ാം നമ്പർ കൂരോപ്പട എസ്.എൻ.ഡി.പി ശാഖയിലാണ് വയനാടിനായി വലിയ കാണിക്ക ഒരുക്കിയിരിക്കുന്നതെന്ന് ശാഖാ സെക്രട്ടറി എസ്.രാജീവ് അറിയിച്ചു. ഇത്തവണത്തെ ജയന്തി ആഘോഷങ്ങൾ ആർഭാടരഹിതമായി ആഘോഷിച്ചു കൊണ്ട് ഭക്തജനങ്ങളിൽ നിന്നും ലഭിക്കുന്ന കാണിക്ക തുക വയനാട് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് തീരുമാനം.
ഗുരുദേവ മണ്ഡപത്തിൽ രാവിലെ 6 മുതൽ ക്ഷേത്രം തന്ത്രി എസ്.എൻപുരം അഖിൽ ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഗുരുപുഷ്പാഞ്ജലി, ഗുരുപൂജ, കലശം എന്നീ ചടങ്ങുകൾ നടക്കും. വയൽവാരം, ഗുരുകൃപ, ആർ.ശങ്കർ, ഗുരുശക്തി, ഗുരുപൂജ, ഗുരുദർശന, വിവേകോദയം എന്നീ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ രാവിലെ 9.30 മുതൽ സമൂഹ പ്രാർത്ഥന. ഉച്ചക്ക് പ്രസാദമൂട്ട്. വൈകുന്നേരം ആർഭാടങ്ങളെല്ലാം ഒഴിവാക്കി ഗുരുദേവ നാമം ഉരുവിട്ടുള്ള നാമസങ്കീർത്തനയാത്രയായി ജയന്തിദിന രഥ ഘോഷയാത്ര നടക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം വാർഡ് മെമ്പർ രാജി നിധീഷ്‌മോൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എം.കെ അജിമോൻ അദ്ധ്യക്ഷത വഹിക്കും. ഡോ. അനുരാജ് വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തും. യോഗം ബോർഡ് മെമ്പർ അഡ്വ.ശാന്താറാം റോയ് ക്ഷേമ പെൻഷൻ വിതരണം നടത്തും. എ.എം രാജു, എ.ജി ബാബു എന്നിവർ പങ്കെടുക്കും. വൈകുന്നേരം 5.30 മുതൽ ഗുരുദേവ ജയന്തിദിന മഹാപായസ സദ്യ വിതരണവും തുടർന്ന് വിശേഷാൽ ദീപാരാധനയും വലിയ കാണിക്കയും നടക്കും.