kurukan

കോട്ടയം: മുമ്പ് കുരങ്ങ്, മരപ്പട്ടി, കാട്ടുപന്നി എന്നിവയെ മാത്രം ഭയന്നാൽ മതിയായിരുന്നു. എന്നാൽ ഇന്ന് കഥയാകെ മാറിയിരിക്കുന്നു. ഇപ്പോൾ കുറുക്കൻമാർ പൊതുജനത്തിന്റെ ഉറക്കംകെടുത്തുകയാണ്. പാമ്പാടി, കറുകച്ചാൽ, കങ്ങഴ എന്നിവിടങ്ങളിലാണ് ഒരിടവേളക്ക് ശേഷം കുറുക്കൻ ശല്യം വർദ്ധിച്ചിരിക്കുന്നത്. കങ്ങഴയിൽ കഴിഞ്ഞദിവസം നാല് പേർക്ക് കുറുക്കന്റെ കടിയേറ്റു. ഒരു വളർത്തുനായക്കും കടിയേറ്റു. അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളെയും കുറുക്കൻ ആക്രമിക്കാൻ സാധ്യത ഏറെയാണ്. ഇതും ആശങ്കയേറ്റുന്നു. നായകൾക്ക് കുറുക്കനിൽ നിന്ന് പേവിഷബാധ ഏറ്റിട്ടുണ്ടെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാക്കും.

പട്ടാപ്പകലും നാട്ടിലിറങ്ങും

മുമ്പ് കാടുപിടിച്ചുകിടന്നിരുന്ന ഏക്കർ കണക്കിനുള്ള റബർ തോട്ടങ്ങളായിരുന്നു കുറുക്കൻ ഉൾപ്പെടെയുള്ള വന്യജീവികളുടെ താവളം. റബറിന്റെ വിലയിടവിനെ തുടർന്ന് ടാപ്പിംഗ് നിലച്ചതോടെയാണ് തോട്ടങ്ങൾ കാടുപിടിക്കാൻ തുടങ്ങിയത്. എന്നാൽ റബർ വില അപ്രതീക്ഷിതമായി കുതിച്ചുകയറിയതോടെ മുമ്പ് കാടുപിടിച്ചു കിടന്നിരുന്ന റബർ തോട്ടങ്ങൾ ടാപ്പിംഗ് തുടങ്ങാൻ വെട്ടിത്തെളിച്ച് തുടങ്ങി. ഇതോടെ കുറുക്കൻ അടക്കമുള്ളവ പട്ടാപ്പകലും നാട്ടിലിറങ്ങാൻ തുടങ്ങി. ജനവാസമേഖലയിലേക്ക് എത്തുന്ന ഇവയ്ക്ക് ഇപ്പോൾ പേ വിഷബാധ ഉണ്ടോയെന്ന ആശങ്കയും ശക്തമാണ്.

വാക്‌സിൻ ലഭ്യതക്കുറവ്
പേവിഷ പ്രതിരോധ വാക്‌സിന്റെ ലഭ്യതക്കുറവാണ് ആശങ്കയ്ക്ക് കാരണം. ജില്ലയിൽ പാലാ ഒഴിച്ചുള്ള താലൂക്ക് ആശുപത്രികളിലും നിലവിൽ വാക്‌സിൻ ലഭ്യമല്ല. നിലവിൽ കുറുക്കൻ ശല്യമുള്ള സ്ഥലങ്ങളിലെ ജനങ്ങൾക്ക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മാത്രമാണ് വാക്‌സിൻ ലഭിക്കുന്ന ഏറ്റവും അടുത്ത സ്ഥലം.

കുറുക്കനെ തുരത്തുക മാത്രമാണ് പ്രായോഗികം. കാട് കയറിക്കിടക്കുന്ന തോട്ടങ്ങൾ ഉൾപ്പെടെ വെട്ടിത്തെളിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം.

(നാട്ടുകാർ)