വൈക്കം: പുഴയോരത്തെ രുചി വൈവിധ്യം പണ്ടേ നാടറിഞ്ഞതാണ്. പക്ഷേ അതിനോട് ചേർത്തറിയാൻ ഒന്നുകൂടിയുണ്ടിപ്പോൾ. പുഴയോരത്തെ ഭക്ഷണത്തിൽ രുചി മാത്റമല്ല കനിവും അലിഞ്ഞുചേർന്നിട്ടുണ്ട്.
വടയാറിൽ മൂവാറ്റുപുഴയാറിന്റെ തീരത്തെ പുഴയോരം ഫുഡ് കോർട്ടിൽ ഒരു മാസക്കാലം ആളുകളെത്തി കഴിക്കുന്ന ഭക്ഷണത്തിന്റെ മുഴുവൻ തുകയും വയനാടിനാണ്. വയനാട് ദുരന്തബാധിതരുടെ അതിജീവനത്തിനായി ഈ തുക മുഖ്യമന്ത്റിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുമെന്ന് പുഴയോരം ഫുഡ് കോർട്ടുടമ ഇടവട്ടം ഇന്ദുധരത്തിൽ (വാലയിൽ) വി.കെ മുരളീധരൻ പറഞ്ഞു. ജൂലൈ 23ന് തുടക്കമിട്ടതാണ് പുഴയോരത്തിന്റെ വയനാട് നിധി സമാഹരണം. ആഗസ്റ്റ് 24ന് അത് ലക്ഷ്യത്തിലെത്തും. ഇതേവരെ 20 ലക്ഷത്തിലധികം രൂപ ലഭിച്ചു. 25ന് വൈകിട്ട് 5ന് പുഴയോരത്ത് നടക്കുന്ന ചടങ്ങിൽ മന്ത്റി വി.എൻ. വാസവൻ തുക ഏറ്റുവാങ്ങുമ്പോൾ അത് 25 ലക്ഷത്തിനടുത്തെത്തുമെന്നാണ് പ്റതീക്ഷ. ചെലവിനത്തിൽ ഒരു രൂപ പോലും എടുക്കാതെ ഭക്ഷണത്തിന്റെ ബിൽ തുക ലഭിക്കുന്നത് മുഴുവനായി ദുരിതാശ്വാസനിധിയിലേക്ക് നൽകുകയാണ്. ജീവനക്കാരുടെ ശമ്പളവും പച്ചക്കറിയും പലവ്യഞ്ജനവും മത്സ്യവും മാംസവുമെല്ലാം വാങ്ങുന്നതിന്റെയും മറ്റ് ചെലവുകളുമെല്ലാമായി 20 ലക്ഷത്തോളം രൂപ വി.കെ.മുരളീധരൻ സ്വന്തം കൈയിൽ നിന്ന് നൽകും. ആൾ ഇന്ത്യ മലയാളി അസോസിയേഷൻ ഉൾപ്പെടെ വി.കെ.മുരളീധരൻ അംഗമായ വിവിധ സംഘടനകളും വയനാടിനായി കൈകോർത്തിരുന്നു.
ഇതാദ്യമല്ല, കാരുണ്യഹസ്തം
ലോകകേരളസഭ അംഗവും വി.കെ.എം ഗ്റൂപ്പ് എം.ഡിയും മുംബൈ റോയൽ റസ്സോയി ഹോട്ടൽ ശൃംഖല ഉടമയും പ്റമുഖ സീ ഫുഡ് എക്‌സ്‌പോർട്ടറുമായ വി.കെ മുരളീധരൻ ഇതാദ്യമായല്ല നാടിനായി കാരുണ്യഹസ്തം നീട്ടുന്നത്. പ്റളയകാലത്ത് 15 ലക്ഷം രൂപയുടെ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. സ്വന്തം പഞ്ചായത്തിലെ അതിദരിദ്റർക്കായി പെൻഷൻ പ്റഖ്യാപിച്ചു. മറവൻതുരുത്ത് ഫാമിലി ഹെൽത്ത് സെന്ററിനായി 10 സെന്റ് സൗജന്യമായി വിട്ടുനൽകി. നിരവധി വീടുകൾ നിർമ്മിച്ചുനൽകി. പിതാവിന്റെ പേരിൽ രൂപീകരിച്ച കേശവാസ് ചാരിറ്റി ട്റസ്റ്റിലൂടെ നിരവധിപേർക്ക് ഭക്ഷണവും മരുന്നും ഉറപ്പാക്കി.