trn

കോട്ടയം : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധിപ്പേർ നിത്യേന കൊച്ചിയിൽ ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി വന്നുപോകുന്നുണ്ട്. ബസിൽ യാത്ര ചെയ്യാമെന്ന് വച്ചാൽ മണിക്കൂറുകളെടുക്കും. ധനനഷ്ടവും ശാരീരിക ബുദ്ധിമുട്ടുകളും വേറെ. എന്നാൽ ട്രെയിനിലാണെങ്കിൽ ഇതൊന്നുമില്ല. യാത്ര താരതമ്യേന സുഖം. എന്നാൽ ഈ സൗകര്യങ്ങൾ അനുഭവിക്കാൻ തങ്ങൾക്ക് യോഗമില്ലെന്നാണ് ട്രെയിൻ യാത്രക്കാരുടെ പരാതി.

കോട്ടയത്തു നിന്ന് പുലർച്ചെ 6.25 നുള്ള കൊല്ലം - എറണാകുളം മെമു കടന്നുപോയാൽ പാലരുവി എക്‌സ്‌പ്രസ് മാത്രമാണ് എറണാകുളത്ത് ഓഫീസ് സമയത്ത് എത്തിച്ചേരാൻ കഴിയുന്ന അടുത്ത ട്രെയിൻ. പിന്നീടെത്തുന്ന വേണാട് എക്‌സ്‌പ്രസിനെ ആശ്രയിച്ചാൽ ഓഫീസിൽ സമയത്തിന് എത്താനാകില്ല. ഇതിലാകട്ടെ കാലെടുത്തുവയ്ക്കാൻ കഴിയാത്തത്ര തിരക്കും. തിങ്ങിഞെരുങ്ങിയും തൂങ്ങിക്കിടന്നും യാത്ര ചെയ്താണ് പലരും ലക്ഷ്യസ്ഥാനത്തെത്തുന്നത്. തെക്കൻ ജില്ലകളിൽ നിന്ന് മെമു, പാലരുവി, വേണാട് എക്‌സ്‌പ്രസിൽ മാത്രം ജോലി ആവശ്യങ്ങൾക്കായി തൃപ്പൂണിത്തുറയിലിറങ്ങി ഇൻഫോപാർക്കിലേയ്ക്ക് മറ്റും യാത്ര ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി മൂവായിരത്തിലേറെയാണ്.

വാതിൽപ്പടിയിൽ തൂങ്ങിക്കിടന്ന്
പാലരുവിയിലെ കോച്ച് വർദ്ധനവ് അല്പം ആശ്വാസം പകർന്നെങ്കിലും റൂട്ടിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമായില്ല. പടിവാതിലിൽ തൂങ്ങിക്കിടന്ന് അപകടകരമാംവിധത്തിലാണ് യാത്ര. കൊല്ലത്ത് നിന്ന് എറണാകുളത്തേയ്ക്കുള്ള മെമുവിലും തിരക്കിന് കുറവില്ല. കഴിഞ്ഞ ദിവസം രാവിലെ ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്ന് തിരക്കുമൂലം വേണാടിൽ കയറാൻ കഴിയാതെ ഡോറുകൾ മാറി മാറി ഓടി നടക്കുകയായിരുന്നു സ്ത്രീകളടക്കമുള്ള യാത്രക്കാർ. ട്രെയിൻ നീങ്ങി തുടങ്ങിയപ്പോഴും ഉള്ളിലേയ്ക്ക് പ്രവേശിക്കാൻ കഴിയാതെ പലരും വാതിലിൽ തൂങ്ങി നിന്നു.

മെമു അനുവദിക്കണം
കോട്ടയത്ത് നിന്ന് എറണാകുളത്തേയ്ക്ക് അടിയന്തരമായി മെമുവോ പാസഞ്ചറോ അനുവദിച്ചാൽ താത്കാലിക പരിഹാരമാകും. പാലരുവിയ്ക്കും വേണാടിനും ഇടയിലുള്ള ഒന്നരമണിക്കൂറിലേറെ വരുന്ന ഇടവേളയാണ് പ്രശ്നം രൂക്ഷമാക്കുന്നത്. കായംകുളത്ത് നിന്ന് കോട്ടയം വഴി എറണാകുളത്തേയ്ക്ക് ഒരു മെമു അല്ലെങ്കിൽ പാസഞ്ചർ സർവീസ് ആരംഭിക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

സമയക്രമം ഇങ്ങനെ

കൊല്ലം - എറണാകുളം മെമു : 6.25

പാലരുവി എക്‌സ്‌പ്രസ് : 6.58

വേണാട് എക്‌സ്‌പ്രസ് : 8.30


''നിരവധിത്തവണ പരാതിപ്പെട്ടിട്ടും യാത്രക്കാരുടെ ജീവന് റെയിൽവേ പുല്ലുവിലയാണ് കല്പിക്കുന്നത്. ഇക്കാര്യത്തിൽ ജനപ്രതിനിധികളുടെ മൗനവും ആശങ്കപ്പെടുത്തുന്നു.

(അജാസ് വടക്കേടം,ഫ്രണ്ട്‌സ് ഓൺ റെയിൽസ് എക്‌സിക്യുട്ടീവ് അംഗം)