മുണ്ടക്കയം: കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ പത്താം വാർഡ് അംഗം ജാൻസി സാബു തെരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയുടെ മുൻ ധാരണ പ്രകാരം പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീജ ഷൈൻ രാജിവെച്ച ഒഴിവിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്ത് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ 12 വോട്ടുകൾക്കാണ് ജാൻസി സാബു തെരഞ്ഞെടുക്കപ്പെട്ടത്. എൽ.ഡി.എഫിലെ സിനു സോമന് 5 വോട്ടുകൾ ലഭിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥിയും 11-ാം വാർഡ് അംഗവുമായ സി.എൻ രാജേഷ് വോട്ട് ചെയ്യാതെ വിട്ടുനിന്നു. തുടർന്ന് അനുമോദന യോഗവും നടന്നു. കോരുത്തോട് മണ്ഡലം പ്രസിഡന്റ് സി.എ തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര ഉദ്ഘാടനം ചെയ്തു‌. മുൻ മണ്ഡലം പ്രസിഡന്റ് സജി ജോർജ് കൊട്ടാരം, പാർട്ടി നേതാക്കൾ, വാർഡ്, ബ്ലോക്ക് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.