പാലാ: കെ.എസ്.ഇ.ബി രാമപുരം സെക്ഷനിൽ ഏഴാച്ചേരി മേഖലയിൽ ഹൈ വോൾട്ടേജ് വന്നതിനെ തുടർന്ന് ഇലക്ട്രോണിക് ഗൃഹോപകരണങ്ങൾ കത്തിനശിച്ച സംഭവത്തിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തി. വിവിധ ഉപഭോക്താക്കളുടെ വീടുകളിലും കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിലുമെത്തി തെളിവുകൾ ശേഖരിച്ചു. കാവിൻപുറം ക്ഷേത്രത്തിലെ മൈക്കിന്റെ ആംപ്ലിഫയർ ഉൾപ്പെടെ കത്തി പോയിരുന്നു. കെ.എസ്.ഇ.ബി രാമപുരം സെക്ഷന് കീഴിലെ ഏഴാച്ചേരി ജി.വി.യു.പി സ്‌കൂളിന് സമീപത്തെ ട്രാൻസ്‌ഫോർമറിന് കീഴിലായിരുന്നു സംഭവം. ഞായറാഴ്ച അർദ്ധ രാത്രിയോടെ ലൈനിൽ ഹൈവോൾട്ടേജ് വരികയും ഗൃഹോപകരണങ്ങൾ തകരാറിലാവുകയുമായിരുന്നു. ഇതുസംബന്ധിച്ച് ഇന്നലെ കേരളകൗമുദി വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. പാലാ എക്‌സിക്യൂട്ടീവ് എൻജിനീയർ യു. ഉണ്ണികൃഷ്ണൻ, രാമപുരം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ റെയ്‌മോൾ പവിത്രൻ, അസിസ്റ്റന്റ് എൻജീനിയർ ബെർളി, സബ് എൻജിനീയർ ബിനോജ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധനയ്ക്ക് എത്തിയത്.
നാശം നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് ആലോചിക്കുമെന്ന് കെ.എസ്.ഇ.ബി സംഘം അറിയിച്ചു.
ഊരിയ ഫീസ് ആരോ കുത്തി, ആകെ പ്രശ്‌നമായി
വൈദ്യുതി ഇല്ലാത്തത് സംബന്ധിച്ചും വൈദ്യുതി വ്യതിയാനത്തെപ്പറ്റിയും നാട്ടുകാർ പരാതി അറിയിച്ചതിനെ തുടർന്ന് കെ.എസ്. ഇ.ബി ജീവനക്കാരെത്തി കാവിൻപുറം ക്ഷേത്രത്തിന് പിൻഭാഗത്തുള്ള ഫ്യൂസ് ഊരിവെച്ച് ലൈൻ പരിശോധനയ്ക്ക് പോയിരുന്നു. ഇതിനിടയിൽ ആരോ ഫ്യൂസ് കണക്ട് ചെയ്തതാണ് പ്രശ്‌നമായത്. ഇതോടെയാണ് അമിത വോൾട്ടേജിൽ വൈദ്യുതി പ്രവഹിച്ചത്. സംഭവത്തിൽ പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രാമപുരം പൊലീസിൽ കെ.എസ്.ഇ.ബി അധികാരികൾ ഇന്നലെ പരാതി നൽകി.