കോട്ടയം: ഏറ്റുമാനൂർ-പൂവത്തുംമൂട് റോഡിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് അമ്മയും രണ്ട് പെൺമക്കളും മരിച്ച കേസിൽ 86 ലക്ഷം രൂപ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ളെയിം ട്രൈബ്യൂണൽ ജഡ്ജി എൽസമ്മ ജോസഫ് വിധിച്ചു. ഏറ്റുമാനൂർ നഗരസഭയിലെ ഹരിതസേനാംഗമായിരുന്ന അമ്മയും വിദ്യാർത്ഥികളായ രണ്ട് മക്കളുമാണ് മരിച്ചത്. പിഴത്തുക ഇൻഷുറൻസ് കമ്പനി കെട്ടിവയ്ക്കണം.
വൈദ്യുതി നിരക്ക്വർദ്ധന: പൊതുതെളിവെടുപ്പ് സെപ്തംബർ 3ന്
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാനായി വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ സെപ്തംബർ 3മുതൽ പൊതുജനങ്ങളിൽ നിന്ന് തെളിവെടുപ്പ് നടത്തും.തിരുവനന്തപുരം ഉൾപ്പടെ 4 കേന്ദ്രങ്ങളിലാണ് തെളിവെടുപ്പ്. കഴിഞ്ഞ വർഷം നവംബറിലാണ് നിലവിലെ താരിഫ് പരിഷ്ക്കരിച്ചത്. സെപ്തംബർ 3ന് കോഴിക്കോട് 4ന് പാലക്കാട് 5ന് എറണാകുളം ടൗൺഹാളിലും,10ന് തിരുവനന്തപുരം പ്രിയദർശിനി പ്ളാനറ്റോറിയത്തിലുമാണ് പൊതുതെളിവെടുപ്പ്. പൊതുജനങ്ങൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും നേരിട്ട് പങ്കെടുത്ത് അഭിപ്രായങ്ങൾ അറിയിക്കാം.നിരക്ക് വർദ്ധനയാവശ്യപ്പെട്ട് കെ.എസ്.ഇ.ബി. അപേക്ഷയും വിവരങ്ങളും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റേയും കെ.എസ്.ഇ.ബി.യുടേയും വെബ്സൈറ്റുകളിൽ പരിശോധനയ്ക്ക് ലഭ്യമാണ്. kserc@erckerala.org ഇ.മെയിലും സെക്രട്ടറി,കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ,കെ.പി.എഫ്.സി ഭവനം,സി.വി.രാമൻപിള്ള റോഡ്,വെള്ളയമ്പലം, തിരുവനന്തപുരം 695010എന്ന വിലാസത്തിൽ അയക്കാം.
ബണ്ണിനുള്ളിൽ എം.ഡി.എം.എ
കടത്തിയ യുവാക്കൾ പിടിയിൽ
ചങ്ങനാശേരി: ബണ്ണിനുള്ളിൽ ഒളിപ്പിച്ച് അന്തർസംസ്ഥാന ബസിൽ കടത്തിക്കൊണ്ടു വന്ന 20 ഗ്രാം എം.ഡി.എം.എയുമായി യുവാക്കളെ കോട്ടയം ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചങ്ങനാശേരി പൊലീസും ചേർന്നു പിടികൂടി. ചങ്ങനാശേരി പുഴവാത് കോട്ടച്ചിറ വീട്ടിൽ അമ്പാടി ബിജു (23), ചങ്ങനാശേരി റെയിൽവേ സ്റ്റേഷനു സമീപം തോപ്പിൽ താഴെയിൽ വീട്ടിൽ അഖിൽ ടി.എസ് (24) എന്നിവരെയാണ് ചങ്ങനാശേരി ഡിവൈ.എസ്.പി വിശ്വനാഥന്റെയും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡിന്റെയും നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ പിടികൂടിയത്.
ബംഗളൂരുവിൽ നിന്നുമാണ് ലഹരി മരുന്ന് കടത്തിക്കൊണ്ടുവന്നത്.
ബംഗളൂരുവിൽ നിന്നു പ്രതികൾ എം.ഡി.എം.എയുമായി വരുന്നുണ്ടെന്ന് ലഹരി വിരുദ്ധ സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഇതേ ത്തുടർന്ന് ഇവർ പെരുന്ന എൻ.എസ്.എസ് കോളേജിനു സമീപം കാത്തു നിൽക്കുകയായിരുന്നു. ഇവിടെയിറങ്ങിയ പ്രതികളെ ചങ്ങനാശ്ശേരി പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയിൽ എടുത്തു. ഇവരുടെ പശ്ചാത്തലം അടക്കം പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.