മരങ്ങൾ കടപുഴകി, വൈദ്യുതി മുടങ്ങി, ഗതാഗതം തടസപ്പെട്ടു
കോട്ടയം : ഇന്നലെ പുലർച്ചെ കനത്ത മഴയോടൊപ്പമെത്തിയ കാറ്റ് ജില്ലയിൽ വ്യാപകനാശം വിതച്ചു. മരങ്ങൾ കടപുഴകി നിരവധി വീടുകളും, വാഹനങ്ങളും, വൈദ്യുതി പോസ്റ്റുകളും തകർന്നു. വൈദ്യുതിബന്ധം താറുമാറായി. പലയിടത്തും മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ലൈനിലെ തകരാറുകൾ പരിഹരിക്കാൻ സമയം എടുക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കംഫർട്ട് സ്റ്റേഷന് സമീപം ജീവനക്കാരുടെ പാർക്കിംഗ് കേന്ദ്രത്തിലേക്ക് മരം കടപുഴകി വീണ് നിരവധി വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. നാട്ടകം പോളിടെക്‌നിക് കോളേജിന് സമീപം പോർട്ട് റോഡിലും മരം കടപുഴകി വീണു. നീണ്ടൂർ ഒൻപതാം വാർഡ് കുന്നുപുറത്ത് ഷാജിയുടെ വീട്ടിലേയ്ക്ക് തേക്ക് മരം കടപുഴകി വീണെങ്കിലും ആർക്കും പരിക്കില്ല. സമീപത്തെ അമ്മിണി വേലായുധന്റെ വീടിനും നാശമുണ്ടായി. കുമരകം 7-ാം വാർഡിൽ വെളിയം ഭാഗത്ത് കോക്കോത്ത് മോളി വിനോദിന്റെ കോഴി ഫാമിന് മുകളിലേയ്ക്ക് തെങ്ങ് കടപുഴകി വീണു.
വൈക്കം, വെച്ചൂർ, ഉദയനാപുരം പഞ്ചായത്തുകളിലും നിരവധി വീടുകളുടെ മുകളിലേക്ക് മരം കടപുഴകി വീണു. വൈദ്യുതി ലൈനുകൾ പൊട്ടി പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചു. അഗ്നിശമനസേനാംഗങ്ങൾ മരങ്ങൾ മുറിച്ചുമാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. വെച്ചൂർ മറ്റം 5ാം വാർഡ് തോട്ടുചിറ ഗിരീഷ്, വെച്ചൂർ ഔട്ട്‌പോസ്റ്റ് മണപ്പാട്ട് പൊന്നപ്പൻ, കുടവെച്ചൂർ നടുവിലേക്കുറ്റ് മനോജ്, വെച്ചൂർ പഞ്ചായത്ത് 2-ാം വാർഡ് മുൻ മെമ്പർ ജോസഫ്, ജോസഫ് ചാമപറമ്പിൽ കല്ലറ, മൻമദൻ വൈലോപ്പിള്ളി വടക്കേമുറി എന്നിവരുടെ വീടുകൾക്കാണ് നാശം. വൈക്കം കാളിയമ്മനട ക്ഷേത്ര റോഡ്, ഇരുമ്പൂഴിക്കര റോഡ്, തുറുവേലിക്കുന്ന് ഉദയനാപുരം റോഡ്, കുമരകം ചക്രംപടി റോഡ് എന്നിവിടങ്ങളിൽ ഗതാഗതം തടസം നേരിട്ടു.