കോട്ടയം : കുറഞ്ഞ സമയത്തിനുള്ളിൽ അതിശക്തമായ കാറ്റ് വീശുന്ന പ്രതിഭാസം ഒരു മാസത്തിനുള്ളിൽ രണ്ടാം തവണയാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസം പകുതിയോടെയായിരുന്നു ആദ്യം. കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇനിയും ഇത് പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ അമ്പത് കിലോമീറ്റർ വരെയാണ് കാറ്റ് വീശിയത്. മരങ്ങൾ കടപുഴകി വീണ് നിരവധി വീടുകൾ നശിച്ചു. വർഷങ്ങൾ പഴക്കമുള്ള അമൂല്യമരങ്ങൾ വരെ കടപുഴകയവയിൽ ഉൾപ്പെടുന്നു. കോട്ടയം നഗരസഭാ പരിധിയിലായിരുന്നു ഏറെ നാശം. കനത്ത ചൂടിൽ വായുവിന് ചൂട് പിടിക്കുകയും വായു ഉയർന്ന് പൊങ്ങുകയും ആ സ്ഥാനത്തേക്ക് തണുത്ത വായു ഒഴുകിയെത്തുകയും ചെയ്യുന്നതോടെയാണ് അതിശക്തമായ കാറ്റാകുന്നത്. ചൂട് കൂടുമ്പോൾ പ്രകൃതിയുടെ സ്വാഭാവികമായ സംവിധാനമാണിത്. ഉയർന്ന താപനിലയാണ് കാറ്റിന് കാരണമെന്നാണ് നിരീക്ഷണം.
പകൽ കനത്തചൂട്
രണ്ടാഴ്ചയായി മഴയുണ്ടെങ്കിലും, മാഴമാറി നിൽക്കുമ്പോൾ കനത്ത ചൂടാണ് അനുഭവപ്പെട്ടിരുന്നത്. കഴിഞ്ഞയാഴ്ച സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്തായിരുന്നു. 34.6 ഡിഗ്രി.