kaad

മുണ്ടക്കയം: നല്ല മിനുസമുള്ള റോഡാണ്. പക്ഷേ കാൽനടയാത്രക്കാരെ സംബന്ധിച്ച് അതുകൊണ്ട് കാര്യമില്ല. പാത വാഹനങ്ങൾക്കുള്ളതാണ്. നടപ്പാത കാൽനടക്കാർക്കും. കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയിൽ നടപ്പാത എവിടെയെന്ന് ചോദിച്ചാൽ റോഡരികിലെ കാട്ടിലേക്ക് വിരൽചൂണ്ടേണ്ട അവസ്ഥയാണ്. റോഡരികിൽ അത്രയേറെ കാട്ടുവളർന്നിരിക്കുന്നു. റോഡരിക് കാടുമൂടിയതോടെ റോഡിലേക്ക് ഇറങ്ങിനടക്കേണ്ട അവസ്ഥയിലാണ് കാൽനടക്കാർ. മുണ്ടക്കയം വലിയപാലം മുതൽ മുപ്പത്തഞ്ചാംമൈൽ വരെയാണ് റോഡിന്റെ വശങ്ങളിൽ കാടുംപടലവും നിറഞ്ഞിരിക്കുന്നത്. കുറ്റിക്കാടുകൾ മുതൽ ചെറുമരങ്ങൾ വരെ റോഡിന്റെ വശത്തു വളർന്നുനിൽപ്പുണ്ട്. ഓടകളുടെ അഭാവംമൂലം പലസ്ഥലത്തും വെള്ളക്കെട്ടുമായി.

ഇടിച്ചുതെറുപ്പിക്കും, തീർച്ച!

വിദ്യാർത്ഥികളടക്കമുള്ള കാൽനടയാത്രക്കാർ റോഡിലേക്ക് കയറിയാണ് സഞ്ചരിക്കുന്നത്. നിരപ്പായ റോഡിൽ അമിതവേഗത്തിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. റോഡിലേക്ക് ഇറങ്ങിനടക്കുന്നവരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിക്കുമെന്ന കാര്യം തീർച്ചയാണ്. മുമ്പ് പലവട്ടം അങ്ങനെ സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. മുൻകാലങ്ങളിൽ പാതയോരത്തെ കാട്ടുവള്ളികൾ വെട്ടിമാറ്റുന്ന പദ്ധതികൾ നടപ്പാക്കിയിരുന്നെങ്കിൽ കഴിഞ്ഞ രണ്ടുവർഷമായി നിലച്ച അവസ്ഥയിലാണ്.