കോട്ടയം: കണ്ടിട്ട് ചങ്ക് തകരുന്നു. ഇനി ഞാൻ എന്തുചെയ്യും! പാട്ടത്തിനെടുത്ത കൃഷിഭൂമിയിൽ കണ്ണീരോടെയാണ് ളാക്കാട്ടൂർ കുട്ടിച്ചൻപടി വാളിപ്ലാക്കൽ എൻ.രാജു ഓരോ നിമിഷവും തള്ളിനീക്കുന്നത്. രാജുവിന്റെ കൃഷിയിടത്തിലെ പകുതിയോളം ഏത്തവാഴകളാണ് കഴിഞ്ഞദിവസത്തെ കാറ്റിലും മഴയിലും നശിച്ചത്. ഒന്ന് ഇരുട്ടി വെളുത്തപ്പോൾ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് പൊലിഞ്ഞത്. ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത ഏത്തവാഴ കൃഷിയാണ് നശിച്ചത്. ഏറ്റുമാനൂർ നഗരസഭ 9ാം വാർഡ് കണ്ണംപുര ഭാഗത്താണ് കൃഷിഭൂമി. പലിശയ്‌ക്കെടുത്ത പണം കൊണ്ടാണ് തോട്ടം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയത്. 750 വാഴകളിൽ 350ന് മുകളിൽ കാറ്റിൽ ഒടിഞ്ഞുവീണു. പത്തനംതിട്ട സ്വദേശിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ ഒന്നേകാൽ ഏക്കർ സ്ഥലമാണ് രാജു പാട്ടത്തിനെടുത്തത്. ഇടവിളയായി കപ്പ, കാച്ചിൽ, ചേന, ചേമ്പ്, കിഴങ്ങ്, ഇഞ്ചിയും കൃഷി ചെയ്തിരുന്നു.
ഇതിൽ വാഴ, കപ്പ, ചേന എന്നിവയാണ് നശിച്ചത്. ഏത്തവാഴകൾ കുലച്ച് അഞ്ചരമാസം പിന്നിട്ടപ്പോഴാണ് കാറ്റെത്തി വിളവ് നശിപ്പിച്ചത്. തോട്ടം ജെ.സി.ബി ഉപയോഗിച്ച് നിരപ്പാക്കിയും കുഴിയെടുത്തുമാണ് വാഴകൃഷി ചെയ്തത്. ഇതിനായി മാത്രം 42000 രൂപ ചിലവായി. ജലസേചന സൗകര്യങ്ങൾ ഒരുക്കാൻ് 35000 രൂപയും ചിലവായി.
കൃഷിഭവൻ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. കുലച്ച വാഴ ഒന്നിന് 100 രൂപ മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ. വിള ഇൻഷുറൻസ് എടുത്തിരുന്നെങ്കിൽ 300 രൂപ വീതം ലഭിക്കുമായിരുന്നു. എന്നാൽ, പ്രീമിയം അടയ്ക്കാൻ പണമില്ലാതിരുന്നതിനാൽ ഇത് എടുത്തിട്ടില്ല. (രാജു കർഷകൻ).