പാലാ: രാമപുരം, പാലാ മേഖലകളിലെ വൈദ്യുതി പ്രശ്‌നങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ കെ.എസ്.ഇ.ബി ചീഫ് എൻജിനീയർ ലീലാമയ് ഇന്നലെ സ്ഥലം സന്ദർശിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തി. കെ.എസ്.ഇ.ബിയുടെ സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും തുടർച്ചയായി വൈദ്യുത പ്രശ്‌നം ഒഴിവാക്കുന്നതിനുമായി വിവിധ കർമ്മ പരിപാടികൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ചീഫ് എൻജിനീയർ ലീലാമയ് 'കേരള കൗമുദി'യോട് പറഞ്ഞു. പാലായിലും രാമപുരത്തും ഉപഭോക്താക്കൾ ഉൾപ്പെടെയുള്ളവരുമായി ചീഫ് എൻജിനീയർ ചർച്ച നടത്തി.
റബർ മരങ്ങൾ തിങ്ങി നിൽക്കുന്ന പ്രദേശമായതിനാൽ ചെറിയൊരു കാറ്റ് അടിച്ചാൽത്തന്നെ വൈദ്യുതി പോകുന്ന അവസ്ഥയുണ്ടെന്ന് മനസിലായതായി ചീഫ് എൻജിനീയർ പറഞ്ഞു. ഇത് പരിഹരിക്കുന്നതിന് ജനപ്രതിനിധികളെയും ഉപഭോക്താക്കളെയും ഉദ്യോഗസ്ഥരെയും ചേർത്തുകൊണ്ട് സംയുക്തമായി ടച്ചിംഗ് വെട്ടുന്നത് ഉൾപ്പെടെയുള്ള നടപടികൾ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം വൈദ്യുതി ലൈനുകൾ കൂട്ടിമുട്ടാതിരിക്കാൻ സങ്കേതികമായ നടപടി ക്രമങ്ങളും ചെയ്യുന്നുണ്ട്.
ജീവനക്കാരുടെ കുറവ് കാര്യമായിട്ടില്ലെങ്കിലും രാമപുരം, പാലാ മേഖലകളിൽ റബർ മരങ്ങൾ ഉള്ളതിനാലാണ് വൈദ്യുത തടസവും തുടർന്ന് അത് പരിഹരിക്കുന്നതിന് ചിലപ്പോഴെങ്കിലും കാലതാമസവും വരുന്നതെന്ന് ചീഫ് എൻജിനീയർ ചൂണ്ടിക്കാട്ടി. ഇതോടൊപ്പം വൈദ്യുത പ്രതിസന്ധിക്ക് പരിഹാരമായി പുതിയ പദ്ധതികളും ആവിഷ്‌കരിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. മേലിൽ പുതുതായി വലിക്കുന്ന ലൈനുകളെല്ലാം എ.എസ്.ബി (ഏരിയൽ വെൻഞ്ചിട് കേബിൾ) മുഖാന്തരം ചെയ്യുമെന്നും ലീലാമയ് പറഞ്ഞു. പാലാ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ബിൻഞ്ചു, എക്സിക്യൂട്ടീവ് എൻജിനീയർ യു. ഉണ്ണികൃഷ്ണൻ തുടങ്ങിയവരും ചീഫ് എൻജിനീയർക്ക് ഒപ്പം വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് വൈദ്യുത തടസ പരിഹാരമാർഗങ്ങളെപ്പറ്റി ചർച്ച നടത്തി. പാലാ ഡിവിഷനിലെ ഉന്നത ജീവനക്കാരെ വിളിച്ചു കൂട്ടിയും ചീഫ് എൻജിനീയർ വിശദാംശങ്ങൾ തേടി. തുടർന്ന് പൊൻകുന്നം ഡിവിഷനിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു.
സുനിൽ പാലാ