cpi

വൈക്കം: സി.കെ ആശ എം.എൽ.എയെ പരസ്യമായി അപമാനിച്ച, സി.പി.ഐ നേതാക്കളെ തെരുവിൽ തല്ലിയ വൈക്കം സി.ഐ യെ അടിയന്തരമായി സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്യണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു ആവശ്യപ്പെട്ടു.
നഗരത്തിലെ വഴിയോരകച്ചവടക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.ഐ നേതാക്കളെ തെരുവിൽ മർദ്ദിക്കുകയും കസ്​റ്റഡിയിലെടുക്കുകയും ചെയ്ത സംഭവമറിഞ്ഞ് പൊലീസ് സ്​റ്റേഷനിലെത്തിയ എം.എൽ.എയെ അപമാനിച്ച സി.ഐ കെ.ജെ.തോമസിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ നടത്തിയ പൊലീസ് സ്​റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൽ.ഡി.എഫ് സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് തന്നെ കളങ്കമായ സി.ഐയെ സർവീസിൽ നിന്ന് മാ​റ്റി നിർത്തി സംഭവത്തേക്കുറിച്ച് അന്വേഷിക്കണമെന്ന് സി.കെ.ആശ എം.എൽ.എ ആവശ്യപ്പെട്ടു. സി.ഐ അപമര്യാദയായി പെരുമാറിയതുമായി ബന്ധപ്പെട്ട് സ്പീക്കർക്ക് പരാതി നൽകിയതായും എം.എൽ.എ അറിയിച്ചു.

എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് പി.എസ്. പുഷ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിലംഗം ആർ.സുശീലൻ, ജില്ലാ അസി.സെക്രട്ടറി ജോൺ വി.ജോസഫ്, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി വി.കെ.സന്തോഷ് കുമാർ, ടി.എൻ. രമേശൻ, പി.സുഗതൻ, എൻ.അനിൽ ബിശ്വാസ്, ഡി. ബാബു എന്നിവർ പ്രസംഗിച്ചു. ഡി. രഞ്ജിത്ത് കുമാർ സ്വാഗതവും സാബു.പി.മണലൊടി നന്ദിയും പറഞ്ഞു.