vazhaplly

ചങ്ങനാശേരി: വാഴപ്പള്ളിയിൽ പുതിയതായി നിർമ്മിക്കുന്ന പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വാഴപ്പള്ളി വില്ലേജ് ഓഫീസിന് സമീപത്തായി തപാൽ വകുപ്പ് ഏറ്റെടുത്തിരിക്കുന്ന ഒരു ഏക്കർ സ്ഥലത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. 18 മാസമാണ് നിർമ്മാണ കാലാവധി. ഏറെ വർഷക്കാലമായി മധുമൂലയിൽ പ്രവർത്തിക്കുന്ന വാഴപ്പള്ളി പോസ്റ്റ് ഓഫീസ് അസൗകര്യങ്ങളാൽ വീർപ്പുമുട്ടുകയായിരുന്നു. ഇതിനെ തുടർന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ഇടപെട്ടാണ് തപാൽ വകുപ്പിൽ നിന്നും തുക അനുവദിച്ചത്. നിർമ്മാണം ആരംഭിക്കുന്ന പുതിയ പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്ന വാഴപ്പള്ളിയിൽ കൊടിക്കുന്നിൽ സുരേഷ് എംപി, തപാൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലങ്ങൾ സന്ദർശിച്ച് നിർമ്മാണം വിലയിരുത്തി. തപാൽ വകുപ്പ് നിർമ്മാണ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ശ്രീനിവാസ്, ജൂനിയർ എൻജിനീയർ സുഷ, നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്ന ജോർജ് തോമസ് എന്നിവരും ഉണ്ടായിരുന്നു.

അനുവദിച്ച തുക- 2 കോടി 12 ലക്ഷം

പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ ചങ്ങനാശേരി പോസ്റ്റ് ഓഫീസിൽ സ്ഥലപരിമിതി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ആർ.എം.എസ് അടക്കമുള്ള സൗകര്യങ്ങൾ ഇവിടേക്ക് മാറ്റുന്നത് ആലോചിക്കും. -കൊടിക്കുന്നിൽ സുരേഷ് എം.പി