മുണ്ടക്കയം: ഒരു നിമിഷം പോലും ഉറങ്ങാൻ കഴിയില്ല. രാത്രിയിൽ വീടിന്റെ തൊട്ടടുത്ത് വരെ കാട്ടാനയെത്തും. ഭീതിയോടെയാണ് ഓരോ നിമിഷവും തള്ളിനീക്കുന്നത് ! കൊമ്പുകുത്തി നിവാസികൾ ഭയന്നുവിറച്ച് അവരുടെ ദുരവസ്ഥ വിവരിക്കുമ്പോൾ കുറച്ചകലെ കാട്ടാനക്കൂട്ടത്തിന്റെ ചിന്നംവിളി കേൾക്കാം. ഏതുനിമിഷവും പാഞ്ഞടുക്കാം. കൃഷിയിടം ചവിട്ടിമെതിക്കാം. കൊമ്പുകുത്തി മേഖലയിൽ കാട്ടാനശല്യം അത്രയേറെ രൂക്ഷമാണ്. മൂന്നാനകൾ ഉൾപ്പെടുന്ന കൂട്ടവും ഒരു ഒറ്റയാനുമാണ് നാട്ടിലിറങ്ങി ജനങ്ങളുടെ ഉറക്കംകെടുത്തുന്നത്. പ്രദേശത്ത് കഴിഞ്ഞദിവസവും ആനക്കൂട്ടമെത്തി വ്യാപകമായി കൃഷിനശിപ്പിച്ചു. വാഴ, തെങ്ങ് തുടങ്ങിയ കൃഷികളാണ് നശിച്ചവയിൽ ഏറെയും. സ്‌കൂളിന് സമീപം 200 മീറ്റർ അകലെ വരെ ആനകൾ എത്തി ത്തുടങ്ങിയതോടെ സ്ഥിതി അത്രയേറെ ഗുരുതരമാക്കുകയാണ്.
കൃഷിയിടം ചവിട്ടിമെതിക്കും, നിലയുറപ്പിക്കും
പ്രദേശത്തെ പല വീടുകളുടെയും മുറ്റത്ത് വരെ ആനയെത്തുന്നത് പതിവാണ്. കാട്ടുപന്നി ശല്യവും രൂക്ഷമാണ്. കൊച്ചേരി വിനോദ്, ആലയ്ക്കൽ വിദ്യാധരൻ, കല്ലുക്കുന്നേൽ സുശീലൻ, തോപ്പിൽ സുരേഷ്, ഷാജി വാലുപറമ്പിൽ, കൊച്ചുപുരയ്ക്കൽ പത്മനാഭവൻ, ഇഞ്ചപ്ലാക്കൽ ഗംഗാധരൻ, വേലംപറമ്പിൽ സുകുമാരൻ, കൊച്ചുപുരയ്ക്കൽ മോഹനൻ, പുത്തൻപുരയ്ക്കൽ സലിയൻ തുടങ്ങിയ ആളുകളുടെ പുരയിടങ്ങളിലാണ് വ്യാപകമായി കൃഷിനശിപ്പിച്ചത്. തൊഴിലുറപ്പ് തൊഴിലാളികൾ നിർമ്മിച്ച കയ്യാലകളും ആന തകർത്തു.
വീട്ടിൽ ഭീതിയോടെ...
രണ്ട് ദിവസം മുൻപ് ആന പുത്തൻപുരയ്ക്കൽ മനോജിന്റെ വീടിനു തൊട്ടടുത്തെത്തി. അടച്ചുറപ്പുള്ള വീട് ഇല്ലാത്തതിനാൽ മൂന്ന് ചെറിയ കുട്ടികളുമായി പടുതയും പ്ലാസ്റ്റിക്കും മറച്ച കുടിലിലാണ് ഇവർ കഴിയുന്നത്. പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്. നാല് വർഷമായി ഷെഡിലാണ് ഇവർ കഴിയുന്നത്. അപേക്ഷ നൽകിയിട്ടും ലൈഫ് പദ്ധതിയിൽ പോലും വീട് ലഭിച്ചിട്ടില്ല. ഇതേ രീതിയിൽ വീടില്ലാതെ കഴിയുന്ന നിരവധിയാളുകൾ മേഖലയിലുണ്ട്.
200 തെങ്ങുകൾ
കല്ലുക്കുന്നേൽ സുശീലന്റെ 200 തെങ്ങുകളിൽ പകുതിയോളം ആനകൾ നശിപ്പിച്ചു. ആനകൾ ആക്രമിക്കാതിരിക്കാൻ ഉപയോഗ ശൂന്യമായ ട്യൂബ് ബൾബുകൾ തെങ്ങിൽ കെട്ടി നിർത്തിയിരിക്കുകയാണ്.
വനാതിർത്തിയിൽ സോളർ വേലിയുണ്ടെങ്കിലും ബാറ്ററി ഇല്ലാത്തതിനാൽ പ്രവർത്തനരഹിതം.