കോട്ടയം: റോഡ് തകർന്ന് കുളം രൂപപ്പെട്ടു. കുഴിയിൽ തെങ്ങിൻ തൈ നട്ട് പ്രതിഷേധിച്ച് നാട്ടുകാരും. ഒറവയ്ക്കൽ കൂരാലി റോഡിൽ പള്ളിക്കത്തോട് ആനിക്കാട് റോഡിലെ കുഴിയിലാണ് തെങ്ങിൻ തൈനട്ടത്. നാളുകളായി റോഡ് തകർന്ന് തരിപ്പണമായി കിടക്കുന്ന നിലയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ റോഡിലെ കുഴികളിൽ വെള്ളംനിറഞ്ഞ് കെട്ടിക്കിടക്കുന്ന നിലയിലാണ്. റോഡ് തകർന്ന് കിടക്കുന്നതിന് സമീപത്തായാണ് ഓട്ടോറിക്ഷ സ്റ്റാൻഡും സ്ഥിതി ചെയ്യുന്നത്. ആനിക്കാട് റോഡ് മാത്രമല്ല ഒറവയ്ക്കൽ മുതൽ പള്ളിക്കത്തോട് കൂരാലി റോഡ് വരെയുള്ള റോഡിൽ പലഭാഗങ്ങളും തകർന്ന് തരിപ്പണമായി സഞ്ചാരയോഗ്യമല്ലാതായി കിടക്കുകയാണ്. ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന തിരക്കേറിയ റോഡാണ് പൊട്ടി തകർന്ന് കിടക്കുന്നത്.
തുടർച്ചയായി പെയ്ത മഴയിൽ കുഴികളിൽ വെള്ളവും നിറഞ്ഞുകിടക്കുന്ന നിലയിലാണ്. ചെറുവാഹനങ്ങൾ കുഴിയിൽ ചാടി അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി മാറി. രാത്രികാലങ്ങളിൽ റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്‌ക്കരമാണ്. കുഴി അറിയാതെ അപകടത്തിൽപ്പെടുന്നവരും ഏറെയാണ്. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. റോഡ് തകർന്ന് കിടക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്.
കാൽനടയാത്രികരും ദുരിതത്തിൽ
വാഹനങ്ങൾ കുഴികളിൽ ചാടി കടന്നു പോകുമ്പോൾ ചെളിവെള്ളം കാൽനടയാത്രക്കാരുടെ ദേഹത്തേയ്ക്ക് വീഴുന്നതിനും ഇടയാക്കുന്നു. വീതി കുറഞ്ഞ റോഡിൽ നടപ്പാത ഇല്ലാത്തതും കാൽനടയാത്രക്കാർക്ക് ഇരട്ടി ദുരിതമേകുന്നു. കുഴിയിൽ ചാടി യാത്രക്കാരുടെ നടുവൊടിയ്ക്കുന്നതിനും ഇടയാക്കുന്നു.