machukad

പുതുപ്പള്ളി: ലോക നാട്ടറിവ് ദിനത്തിൽ പഴമയുടെ നാടൊരുക്കി മച്ചുകാട് സി.എം.എസ്.എൽ.പി സ്‌കൂൾ. സ്‌കൂൾ അങ്കണത്തിൽ ഒരുക്കിയ മൺമറഞ്ഞതും പൈതൃകം തുളുമ്പുന്നതമായ കാഴ്ചകളും ഏറെ വൈവിധ്യമായി. നാട്ടറിവുകളുടെ പങ്കു വയ്ക്കലും നാടൻ പശ്ചാത്തലവുമാണ് വിദ്യാലയ അങ്കണത്തിൽ ഒരുക്കിയത്. കുട്ടികൾ ഗ്രാമീണ ജീവിത രീതിയും ഭക്ഷണരീതികളും പങ്കു വെയ്ക്കുകയും വിവിധ തൊഴിൽ ചെയ്യുന്നവരുമായി സ്‌കൂൾ അങ്കണത്തിൽ നിരന്നതും കൗതുക കാഴ്ചകളായി.
പുതുപ്പള്ളിയുടെ സ്വന്തം നാടൻ പന്തുകളിയും ഗൃഹാതുരത്വം ഉണർത്തുന്ന പാള വണ്ടിയും സ്‌കൂൾ അങ്കണത്തിൽ അരങ്ങേറി. നാട്ടറിവുകളുടെ ദൃശ്യചാരുത വിളിച്ചു കാണിക്കുന്ന പഴയ കാല ചായപ്പീടികയും നാടൻ വിഭവങ്ങളും പച്ചക്കറി കടകളും പച്ചമരുന്നുകളും വസ്ത്രധാരണവും നാടൻ പാട്ടുകളും ഒത്തിണങ്ങിയ പഴമയുടെ നാടായി സ്‌കൂൾ അങ്കണം മാറി. കൂടാതെ, വ്യത്യസ്തമാർന്ന അപൂർവയിനം പുരാവസ്തുക്കളുടെ പ്രദർശനവും നടന്നു.

നാട്ടറിവ് ദിനാചരണത്തിലൊരുക്കിയ പഴമയുടെ നാട്ടിലേക്ക് എന്ന പരിപാടിയുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. മച്ചുകാട് സി.എം.എസ്.എൽ.പി.എസ് പ്രഥമാദ്ധ്യാപകൻ ബെന്നി മാത്യു സ്വാഗതം പറഞ്ഞു. സ്‌കൂൾ ലോക്കൽ മാനേജർ അനൂപ് ജോർജ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ വത്സമ്മ മാണി എന്നിവർ പങ്കെടുത്തു. റിട്ട. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡോ.എ.പി.അപ്പുക്കുട്ടൻ നാട്ടറിവുകളുടെ പങ്കുവയ്ക്കൽ കുട്ടികൾക്ക് പകർന്നു നൽകി. പി.ടി.എ പ്രസിഡന്റ് രാഖി മോൾ സാം, എം.ജെ ബിബിൻ, സിനു സൂസൻ ജേക്കബ്, വിൻസി പീറ്റർ, മനോജ് വാര്യംപുറത്ത് തുടങ്ങിയവർ പങ്കെടുത്തു.