പാലാ: ബമ്പർ ഹിറ്റായി കെ.എസ്.ആർ.ടി.സിയുടെ രാമപുരം നാലമ്പലം യാത്ര. കർക്കടക മാസത്തിലെ പ്രതികൂല കാലാവസ്ഥയിലും മുൻവർഷത്തേക്കാൾ 146 ശതമാനം അധിക ട്രിപ്പുകൾ നടത്താനും കളക്ഷൻ നേടാനും കെ.എസ്.ആർ.ടി.സിക്ക് സാധിച്ചു. 2022 ജൂലൈയിലാണ് നാലമ്പല യാത്രയുമായി ബന്ധപ്പെട്ട് ബഡ്ജറ്റ് ടൂറിസത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പാക്കേജുകൾ തുടങ്ങിയത്. രണ്ട് ഡിപ്പോകളിൽ നിന്നായി ആറ് ട്രിപ്പുകളാണ് ആദ്യവർഷം നടത്തിയത്. 2023ൽ 70 ട്രിപ്പുകളിലായി 3069 യാത്രിക്കാരാണ് രാമപുരം നാലമ്പലദർശനം നടത്തിയത്. 2024ൽ കർക്കടക മാസത്തിലെ തീർത്ഥാടനം അവസാനിക്കുമ്പോൾ 172 ട്രിപ്പുകളിലായി 7399 തീർത്ഥാടകരാണ് രാമപുരം നാലമ്പല ദർശനത്തിന് ബി.ടി.സിയുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തിയത്. ഇതിലൂടെ അരക്കോടി രൂപ സമാഹരിക്കാൻ കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞു. വൈക്കം, വെഞ്ഞാറംമൂട്, മാവേലിക്കര ഡിപ്പോകളിൽ നിന്നുമാണ് കൂടുതൽ ട്രിപ്പുകൾ രാമപുരത്തേക്ക് എത്തിയത്. ജൂലായ് 28ന് 32 ബസുകളാണ് രാമപുരം ക്ഷേത്ര ദർശനത്തിന് ഭക്തരുമായി എത്തിയതെന്ന് രാമപുരം നാലമ്പല യാത്രയുടെ ഏകോപന ചുമതല ബഡ്ജറ്റ് ടൂറിസം കോട്ടയം എറണാകുളം ജില്ലാ കോ ഓർഡിനേറ്റർ പ്രശാന്ത് വേലിക്കകം അറിയിച്ചു.
ഓരോ ജില്ലയിൽ നിന്ന് എത്തിയ ബസുകളുടെ എണ്ണം:
തിരുവനന്തപുരം: 36
കൊല്ലം: 30
പത്തനംതിട്ട: 28
ആലപ്പുഴ: 25
കോട്ടയം: 27
എറണാകുളം: 21
ഇടുക്കി: 3
പാലക്കാട് : 2