കോട്ടയം : എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അടുത്തവർഷം തിരുവനന്തപുരത്ത് നടക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര കേരളപഠന കോൺഗ്രസിന്റെ മുന്നോടിയായ ആരോഗ്യസെമിനാർ 25, 26 തീയതികളിൽ കോട്ടയത്ത് നടക്കും. കോട്ടയം ടി.കെ സ്മാരക സാംസ്‌കാരിക പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് 'കേരളത്തിലെ ആരോഗ്യമേഖല'' എന്ന വിഷയത്തിൽ സി.എം.എസ് കോളേജിൽ സെമിനാർ നടത്തുന്നത്. 25 ന് രാവിലെ 10 ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ഗവേഷണ കേന്ദ്രം ചെയർമാൻ എസ്. രാമചന്ദ്രൻപിള്ള, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്, മന്ത്രി വി.എൻ.വാസവൻ, മുൻ മന്ത്രിമാരായ പി.കെ.ശ്രീമതി, കെ.കെ.ശൈലജ, ഡോ. ബി ഇക്ബാൽ എന്നിവർ പങ്കെടുക്കും. 26 ന് ചർച്ചകൾ തുടരും. 200ൽപ്പരം ഡോക്ടർമാരും നൂറിലധികം ആരോഗ്യപ്രവർത്തകരും ജനപ്രതിനിധികളും ഉൾപ്പടെ ആയിരം പേർ രണ്ടു ദിവസങ്ങളിലായി നടക്കുന്ന വിവിധ സെഷനുകളിൽ പങ്കെടുക്കുമെന്ന് മന്ത്രി വി.എൻ വാസവൻ, ടി കെ പഠനകേന്ദ്രം ചെയർമാൻ എ.വി. റസൽ, ഡയറക്ടർ അഡ്വ. കെ.അനിൽകുമാർ, സെക്രട്ടറി എം.വി. കോര എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.