kalunk

പാലാ: കോൺക്രീറ്റ് ടൈലുകൾ വിരിച്ച് റോഡു പണിയൊക്കെ ഭംഗിയായി കഴിഞ്ഞു. പക്ഷേ നടുവിലെ കലുങ്കിന്റെ കല്ലുകൾ ഇടിഞ്ഞിരിക്കുന്നത് മെമ്പറുടെയും കൂട്ടരുടെയും ശ്രദ്ധയിൽ പെട്ടോ ആവോ.? പറഞ്ഞു വരുന്നത് മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ ആണ്ടൂർ മഹാദേവ ക്ഷേത്രത്തിന് മുന്നിലൂടെയുള്ള പഞ്ചായത്ത് വഴിയുടെ കാര്യമാണ്.

അഞ്ചു ലക്ഷം രൂപ മുടക്കി അടുത്തിടെയാണ് റോഡ് ടാർ ചെയ്യുകയും അമ്പലത്തിന്റെ മുൻവശത്തെ ഭാഗം ടൈൽ വിരിച്ച് മനോഹരമാക്കുകയും ചെയ്തത്.

റോഡിന്റെ മുക്കാൽ ഭാഗത്തോളം പണികളും പൂർത്തീകരിച്ചിട്ടും അമ്പലത്തിന്റെ മുൻഭാഗം കുണ്ടും കുഴിയുമായി കിടക്കുന്നത് ''കേരള കൗമുദി'' റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്ന് ഉണർന്ന് പ്രവർത്തിച്ച പഞ്ചായത്ത് അധികൃതർ മഴ മാറിയ ഉടൻ ടൈലുകൾ വിരിച്ച് റോഡ് മനേഹരമാക്കുകയും ചെയ്തു. അപ്പോഴും റോഡിന് നടുവിലെ കലുങ്ക് കൽക്കെട്ടുകൾ ഊർന്ന് തഴേക്ക് വീഴാൻ പാകത്തിന് ഇരിക്കുന്നത് പഞ്ചായത്ത് മെമ്പറും കൂട്ടരും ''കണ്ടില്ല''!.

എന്തായാലും ഇതുവഴി ഭാര വാഹനങ്ങൾ ഓടിയാൽ, അല്ലെങ്കിൽ റോഡിന് വശം ചേർന്ന് മറ്റേതെങ്കിലും വാഹനങ്ങൾ പോയാൽ ഈ കൽക്കെട്ട് ഇടിയുമെന്ന് ഉറപ്പ്.

ടൈൽ വിരിക്കൽ പണികൾ പൂർത്തിയായ ഉടൻ പഞ്ചായത്ത് മെമ്പർ ഉഷാ രാജു സമൂഹ മാദ്ധ്യമങ്ങളിൽ കുറിച്ചു; 'വഴി പണി വളരെ മനോഹരമായി പൂർത്തിയായി. നേരത്തെ തീരുമാനിച്ചതാണെങ്കിലും കരാറുകാരന്റെ അസൗകര്യവും മഴയും മൂലമാണ് പണികൾ നീണ്ടത്. അല്ലാതെ ചില മാദ്ധ്യമങ്ങൾ വാർത്ത കൊടുത്തതുകൊണ്ടല്ല പണികൾ പൂർത്തീകരിച്ചത്. '

മെമ്പറുടെ കുറിപ്പിൽ വാർത്ത കൊടുത്ത മാദ്ധ്യമപ്രവർത്തകനെതിരെയും രൂക്ഷ വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇത്രയുമൊക്കെ കുറിച്ചപ്പോഴും മേൽ വശം നന്നാക്കിയ റോഡിന്റെ അടിഭാഗം ഇടിഞ്ഞിരിക്കുന്ന വിവരം മെമ്പർ അറിഞ്ഞതേ ഇല്ല.!

റോഡിന് നടുവിൽ അടിയിലൂടെ വെള്ളമൊഴുകുന്ന ഒരു ചാലുണ്ടെന്ന് ഞാൻ അറിഞ്ഞത് തന്നെ അടുത്തിടെയാണ്. നിർമ്മല ദിവാകരൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന സമയത്താണ് ഈ ചാലിന് കൽക്കെട്ട് നിർമ്മിച്ചതെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. ഇത് പഞ്ചായത്തിന്റെ ഭാഗമല്ല.

ഉഷാ രാജു
പഞ്ചായത്ത് മെമ്പർ

.......

റോഡിന്റെ അടിയിലൂടെയുള്ള വെള്ളച്ചാലിന്റെ കൽക്കെട്ട് ഇടിഞ്ഞതായി അറിവില്ല. ഒരിക്കൽ ഭാര വാഹനം ഇതുവഴി കടന്നു പോയി. വീണ്ടും ഇതേ വാഹനം വന്നപ്പോൾ ഞങ്ങൾ തടഞ്ഞ് ഇതുവഴി ഇനി ഭാര വാഹനം ഓടിക്കരുതെന്ന് താക്കീത് നൽകിയിരുന്നു. കൽക്കെട്ട് ഇടിഞ്ഞിട്ടുണ്ടോയെന്ന് ഉടൻ പരിശോധിച്ച് വേണ്ടത് ചെയ്യും.

നിർമ്മല ദിവാകരൻ
പഞ്ചായത്ത് മെമ്പർ