കട്ടപ്പന: ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂൾ പരിസരത്ത് നിന്ന മരം അനുവാദമില്ലാതെ മുറിച്ച് കടത്തിയതിനെതിരെ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റിയും സ്‌കൂൾ പി.ടി.എയും രംഗത്ത്. അപകട ഭീഷണിയുയർത്തി നിൽക്കുന്ന മരത്തിന്റെ ശിഖരങ്ങൾ വെട്ടിമാറ്റാൻ നഗരസഭ അനുമതി നൽകിയിരുന്നു. എന്നാൽ കരാറുകാരൻ പല മരങ്ങളും പൂർണമായി വെട്ടിമാറ്റിയെന്നാണ് ഉയരുന്ന പരാതി. മരത്തിന്റെ തടി വീണ് സ്‌കൂളിന് നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. നഗരസഭയെയും സ്‌കൂൾ അധികൃതരെയും അറിയിക്കാതെയാണ് വർഷങ്ങൾ പഴക്കമുള്ള മാവ് സഹിതം വെട്ടിമാറ്റിയിരിക്കുന്നതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് പി.ടി.എയുടെ ആവശ്യം. അനുവാദമില്ലാതെ കടന്നു കയറി മരങ്ങൾ മുറിച്ച് മാറ്റിയതിനെതിരെയും മറ്റ് നാശനഷ്ടം വരുത്തിയതിനെതിരെയും സ്‌കൂൾ അധികൃതർ കട്ടപ്പന പൊലീസിൽ പരാതി നൽകി.