ചെറുതോണി: കിടത്തി ചികിത്സയ്ക്ക് ജില്ലയിൽ കൂടുതൽ ആയുർവേദ ആശുപത്രികൾ വേണമെന്ന് കേരള സ്റ്റേറ്റ് ഗവ.ആയുർവ്വേദ മെഡിക്കൽ ഓഫീസേഴ്സ് അസ്സോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ദേവികുളം , പീരുമേട് നിയമസഭാ മണ്ഡലങ്ങളിൽ കിടത്തി ചികിത്സയ്ക്ക് ആയുർവേദ ആശുപത്രികൾ നിലവിലില്ല. ശമ്പള കമ്മീഷൻ ശുപാർശ ചെയ്ത ശമ്പളതുല്യത ഉറപ്പു വരുത്തുക, കരിയർ അഡ്വാൻസ്‌മെന്റ് നടപ്പിലാക്കുക, സ്ഥലം മാറ്റത്തിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ജില്ലാ കളക്ടർ വി. വിഘ്‌നേശ്വരി ഉദ്ഘാടനം ചെയ്തു.ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജോർജ്ജ് മാത്യു മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡന്റ് ഡോ.കെ.കെ.ജീന അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ:.ആർ. കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.വി.ജെ. സെബി സംസ്ഥാന കമ്മറ്റി റിപ്പോർട്ടും ജില്ലാ സെക്രട്ടറി ഡോ. വി.എസ്. നീന ജില്ലാ കമ്മറ്റി റിപ്പോർട്ടും ജില്ലാ ട്രഷറർ ഡോ:.ആദർശ് കണക്കുകളും അവതരിപ്പിച്ചു. സർവീസിൽ നിന്നും വിരമിച്ച പാറേമാവ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ.ആർ സുരേഷിനെയും മികച്ച പ്രവർത്തനത്തിന് ഉജ്ജ്വല 2024 പുരസ്‌കാരം ലഭിച്ച ഡോ.വി. കെ.രഹിന യെയും ചടങ്ങിൽ ആദരിച്ചു. ഇതോടനുബന്ധിച്ച് നടന്ന ശാസ്ത്ര പഠന ക്ലാസ്സിന് ഡോ.ജിനേഷ് ജെ മേനോൻ നേതൃത്വം നല്കി.