palam

മണർകാട്: പാലത്തിന്റെ കൈവരികൾ തകർന്നത് അപകടസാദ്ധ്യത വർദ്ധിപ്പിച്ചു. മണർകാട് അയർക്കുന്നം റോഡിൽ മാലം പാലം റോഡിലെ ഒന്നാം പാലത്തിന്റെ കോൺക്രീറ്റ് കൈവരികളാണ് തകർന്നത്. കോൺക്രീറ്റ് കമ്പികൾ തെളിഞ്ഞു കാണാവുന്ന നിലയിലും ഒടിഞ്ഞ നിലയിലുമാണ്. അമയന്നൂർ, അയർക്കുന്നം, മറ്റക്കര, പള്ളിക്കത്തോട്, അരീപ്പറമ്പ്, ളാക്കാട്ടൂർ, പാമ്പാടി എന്നിവിടങ്ങളിലേക്ക് പോകുന്നതിനായി നിരവധി പേർ ഈ പാലത്തിലൂടെയാണ് യാത്ര ചെയ്യുന്നത്.

മുമ്പ് തകർന്നപ്പോൾ

കൈവരികൾ മുമ്പ് തകർന്നപ്പോൾ മുളക്കമ്പുകൾ കൊണ്ട് താൽക്കാലിക കൈവരികൾ സ്ഥാപിച്ച് തടിതപ്പുകയായിരുന്നു അധികൃതർ. മഴക്കാലത്ത് മാലം പാലം റോഡിൽ വെള്ളം കയറുന്നതിനെ തുടർന്ന് അടുത്തകാലത്താണ് റോഡ് ഉയർത്തി നിർമ്മിച്ചത്. രണ്ട് പാലങ്ങളാണ് റോഡിൽ സ്ഥിതി ചെയ്യുന്നത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരുപാലങ്ങളിലും കോൺക്രീറ്റ് കൈവരികൾ പുതുക്കി നിർമ്മിക്കുകയും ചായം പൂശുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പാലത്തിന്റെ കൈവരിയിലെ കോൺക്രീറ്റ് തകർന്നത്. വെള്ളൂർ തോടിന്റെ കൈവഴിയായ തോടിന്റെ മുകളിലൂടെയാണ് പാലം കടന്നു പോകുന്നത്. പാലത്തിന്റെ ഇരുവശത്തെയും കൈവരികൾ തകർന്നിട്ടുണ്ട്.

അപകടങ്ങൾ പതിവ്
പാലത്തിന്റെ വശങ്ങളിലെ റോഡിൽ കാട് നിറഞ്ഞു നിൽക്കുന്നതും അപകടത്തിന് വഴിയൊരുക്കുന്നു. വീതി കുറഞ്ഞതും വളവുകൾ നിറഞ്ഞതുമായ റോഡിൽ നിരവധി ചെറുതും വലുതുമായ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. വളവിൽ നിയന്ത്രണം തെറ്റിയും മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിനിടെയും നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ഉയരം കുറഞ്ഞ കൈവരി അപകടസാദ്ധ്യതയും സൃഷ്ടിക്കുന്നു. നടപ്പാതയില്ലാത്തത് കാൽനടയാത്രക്കാരെയും ദുരിതത്തിലാഴ്ത്തുന്നു. പാലത്തിന്റെ കൈവരിയ്ക്ക് സമീപത്തുകൂടെയാണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകളും കടന്നു പോകുന്നത്.


കൈവരികൾ സുരക്ഷിതമാക്കണം, കാടുകൾ വെട്ടിത്തെളിക്കണം, കാൽനടയാത്രക്കാർക്ക് നടന്നുപോകാനുള്ള സൗകര്യമൊരുക്കണം, പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണം. (യാത്രക്കാർ, പ്രദേശവാസികൾ)