പാലാ : പാലാ നഗരത്തിലൂടെ നടന്നുപോകുന്ന ആരുടെയും മനസിൽ ഒരു സംശയം തോന്നാം. ഇവിടുത്തെ ഫുട്പാത്തുകൾ കാൽനടയാത്രക്കാർക്ക് ഉള്ളതാണോ, അതോ പരസ്യ ബോർഡുകൾ സ്ഥാപിക്കാനുള്ളതാണോയെന്ന്.
പാലാ കുരിശുപള്ളി ജംഗ്ഷൻ മുതൽ ബസ് സ്റ്റോപ്പ് വരെ എത്തുമ്പോഴേക്കും റോഡ് സൈഡിലെ ഫുട്പാത്തിൽ കരിങ്കല്ലുകളും പരസ്യ ബോർഡുകളും അനധികൃത സ്ലാബ് നിർമ്മാണവുമൊക്കെ കാണാം. ഇതൊക്കെ സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാരെ കെണിയിലാക്കാനാണോ അധികാരികളേ? ഫുട്പാത്തുകൾ കയ്യേറിയുള്ള അനധികൃത നിർമ്മാണങ്ങൾ മൂലം കാൽനട യാത്രക്കാരുടെ ജീവന് വരെ ഭീഷണിയുണ്ട്.
കുരിശുപള്ളി കവലയിൽ നിന്നും സിവിൽ സ്റ്റേഷൻ ബൈപാസ് കവലയിലേക്ക് പോകുന്ന ഭാഗത്തെ ഫുട്പാത്തിലാണ് അനധികൃത നിർമ്മാണം കൂടുതൽ നടന്നത്. പൊതുമരാമത്ത് വകുപ്പ് മാൻഹോളിന് മുകളിലായി ഒന്നരയടി ഉയരത്തിൽ ഇട്ടിരിക്കുന്ന സ്ലാബും തൊട്ടടുത്തുള്ള സ്വകാര്യ സ്ഥാപനത്തിന്റെ ബോർഡുമാണ് കാൽ നടയാത്രക്കാരെ വട്ടം ചുറ്റിക്കുന്നത്.
ടൗൺ ബസ് സ്റ്റാന്റിൽ രണ്ട് മാസം മുമ്പാണ് ഒരാൾ, പൊങ്ങിനിന്ന കുറ്റിയിൽ കാൽതട്ടി വീണ് ബസ് കയറി മരിച്ച സംഭവം ഉണ്ടായത്. ഇതേ സാഹചര്യമാണ് ഫുട്പാത്തിന്റെ ഈ ഭാഗത്തും ഉള്ളത്. പാലാ ഗവ. സ്‌കൂളിലെയും സെന്റ് മേരീസ് സ്‌കൂളിലെയും നൂറുകണക്കിന് കുട്ടികളും സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലേക്കെത്തുന്നവരും മറ്റ് പൊതുജനങ്ങളും ഇവിടെ ഇട്ടിരിക്കുന്ന സ്ലാബുകളിൽ തട്ടി പരിക്കേൽക്കുന്നതും വീഴുന്നതും നിത്യസംഭവമാണ്. അധികൃതർ ഇതറഞ്ഞിട്ടും കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ആക്ഷേപം.
വ്യാപാര സ്ഥാപനങ്ങളിലെ ബോർഡുകളും അനധികൃത നിർമ്മാണവും ഉടൻ നീക്കണം
പാലാ കുരിശുപള്ളി ജംഗ്ഷൻ മുതൽ ബൈപാസ് റോഡ് വരെയുള്ള ഭാഗത്തെ അനധികൃത നിർമ്മാണങ്ങളും സ്വകാര്യ സ്ഥാപനങ്ങളിലെ ബോർഡുകളും ഇവിടെ കൂട്ടിയിട്ടിയിരിക്കുന്ന കരിങ്കല്ലുകളും എത്രയും വേഗം നീക്കണം. കാൽ നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം. രേഖാമൂലം പിഡബ്യുഡി അധികാരികൾക്കും പാലാ നഗരസഭയ്ക്കും പരാതി നൽകിയിട്ടുണ്ട്.
ജോയ് കളരിക്കൽ
പാലാ പൗരാവകാശ സമിതി പ്രസിഡന്റ്