പാലാ: അന്തരിച്ച കേണൽ ബേബി മാത്യു ഇലവുങ്കലിന്റെ സ്മരണ നിലനിർത്തുന്നതിനും യുവാക്കളിൽ രാജ്യസ്‌നേഹം വളർത്തുന്നതിനുമായി കേണൽ ബേബി മാത്യു ഫൗണ്ടേഷൻ രൂപീകരിച്ചു.
പാലാ സെന്റ് തോമസ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടിയശേഷം 1977 ൽ ബേബി മാത്യു ഇന്ത്യൻ ആർമിയിൽ ചേർന്നു. 1999ലെ കാർഗിൽ യുദ്ധത്തിൽ കാശ്മീരിലെ ജബ്ബാർ ഹിൽസിൽ ഇന്ത്യൻ ആർമിയുടെ 255 ആം ഫീൽഡ് ആർട്ടിലെറി റെജിമെന്റിന്റെ കമാൻഡിംഗ് ഓഫീസറായി പ്രവർത്തിച്ചു പാക്കിസ്ഥാൻ മണ്ണിൽ കടന്നു കയറി യുദ്ധം നയിച്ചു.
1987 ൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ ലഡാക്കിലെ സിയാച്ചിൻ ഓപ്പറേഷൻ 'മേഘദൂതി'ൽ പങ്കെടുത്തു. ഓപ്പറേഷൻ 'റെയ്‌നോ' എന്നറിയപ്പെടുന്ന ആസാമിലെ കാമറൂക്ക്, ബാർബെട്ട തുടങ്ങിയ ജില്ലകളിലെ ഉൾഫാ ബോഡോ ഭീകരവാദികളെ അമർച്ച ചെയ്യുന്നതിലും മുഖ്യ പങ്കുവഹിച്ചു. എൻ.സി.സി കോട്ടയം ഗ്രൂപ്പ് കമാൻഡർ പദവിയും വഹിച്ചിട്ടുണ്ട്. നിരവധി സൈനിക മെഡലുകൾക്കും അർഹനായിട്ടുണ്ട്. 2023 ൽ 69 മത്തെ വയസിൽ മരണപ്പെട്ടു.
ഒന്നാം ചരമവാർഷികദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 9 ന് ളാലം പഴയപള്ളി പാരീഷ് ഹാളിൽ ലഫ് റ്റനന്റ് ജനറൽ മൈക്കിൾ മാത്യൂസ് ഉദ്ഘാടനം നിർവഹിക്കും. ഫൗണ്ടേഷൻ ഭാരവാഹികളായി മുൻ വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യൻ (രക്ഷാധികാരി), ജോൺസൺ പാറൻകുളങ്ങര ( ചെയർമാൻ), എബി ജെ.ജോസ് (വൈസ് ചെയർമാൻ), ജോസ് പാറേക്കാട്ട് (ജനറൽ സെക്രട്ടറി), സെബി പറമുണ്ട (ജോയിന്റ് സെക്രട്ടറി), തരുൺ മാത്യു (ട്രഷറർ), മുനിസിപ്പൽ കൗൺസിലർ തോമസ് പീറ്റർ, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി മീനാഭവൻ, മുനിസിപ്പൽ കൗൺസിലർ ജോസ് ജെ. ചീരാംകുഴി ( ഉപദേശകസമിതി) എന്നിവരെ തിരഞ്ഞെടുത്തു.