പൂവരണി: പാവലും പയറും പടവലവുമൊക്കെ വിളഞ്ഞുപാകമായിരിക്കുന്നു. എല്ലാംകണ്ട് ആ നാൽവർ സംഘത്തിന്റെ മുഖത്ത് പുഞ്ചിരിയും സന്തോഷവും. കൃഷിയെ സ്നേഹിച്ച അവർക്ക് കൃഷി നൽകിയ ഫലമാണ് ആ പുഞ്ചിരി. നാടൻ ഭാഷയിൽ പറഞ്ഞാൽ നൂറുമേനി വിളവ്.
രണ്ടര ഏക്കർ സ്ഥലത്താണ് നാല് കർഷക സുഹൃത്തുക്കൾ ഒത്തുകൂടി കൃഷിയിറക്കിയത്. മുൻ പഞ്ചായത്ത് മെമ്പർ ജോസ് കെ. രാജു കാഞ്ഞമല, വക്കച്ചൻ, സോണി, ജോർജുകുട്ടി എന്നിവരാണ് മണ്ണിൽ പൊന്നുവിളയിച്ചത്. വിളവെടുപ്പ് മഹോത്സവം മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുക്കുമ്പർ, ബീൻസ്, വെണ്ട, മുളക്, തക്കാളി, വഴുതന എന്നിവയും വിളഞ്ഞ് പാകമായിട്ടുണ്ട്. കൃഷി ഡയറക്ടർ തെരേസ ജോസഫ്, കൃഷി ഓഫീസർ അഖിൽ കെ രാജു എന്നിവരുടെ നിർദ്ദേശാനുസരണമായിരുന്നു കൃഷി. അമ്പത് സെന്റ് സ്ഥലത്ത് ചെണ്ടുമല്ലി പൂവ് കൃഷി ചെയ്തതും ഓണക്കാലത്ത് നേട്ടമായി. കിസാൻ മോർച്ച നാഷണൽ വൈസ് പ്രസിഡന്റ് ജയസൂര്യൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബു പൂവേലിൽ, പൂവരണി പള്ളി വികാരി ഫാ. മാത്യു തെക്കേൽ, വിളക്കുമാടം പള്ളി വികാരി ഫാ. ജോർജ് മണ്ണൂക്കുശുമ്പിൽ തുടങ്ങിയവർ ആശംസകളുമായെത്തി.