kott

കോട്ടയം: തൊട്ടതിനെല്ലാം പണം മുടക്കേണ്ട അവസ്ഥ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തുന്ന പാവപ്പെട്ട രോഗികൾ ഇപ്പോൾ വലഞ്ഞുപോകുന്ന സ്ഥിതിയാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളിൽ നിന്നും അധിക തുക ഈടാക്കാനുള്ള ആശുപത്രി വികസനസമിതിയുടെ പുതിയ തീരുമാനമാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നത്. ഐ.സിയുവിന് അഞ്ഞൂറ് രൂപയും വെന്റിലേറ്ററിന് എഴുന്നൂറ്റമ്പത് രൂപയും ചാർജ്ജ് ഈടാക്കാനാണ് ആശുപത്രി വികസനസമിതിയുടെ തീരുമാനം. മുമ്പ് പാവപ്പെട്ട രോഗികൾക്ക് മെഡിക്കൽ കോളേജിൽ ഐ.സി.യു, വെന്റിലേറ്റർ സൗകര്യങ്ങൾ തികച്ചും സൗജന്യമായിരുന്നു. പുതിയ തീരുമാനത്തിനെതിരെ വിവിധ സംഘടനകളും പ്രതിഷേധമുയർത്തി രംഗത്തെത്തി.

അധിക ചെലവ് രോഗികളെ വലയ്ക്കും

അഞ്ചു ജില്ലകളിൽ നിന്നായി ലക്ഷക്കണക്കിന് രോഗികളാണ് കോട്ടയം മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്നത്. ആശുപത്രിയിലെത്തിയാൽ ചികിത്സയുടെയും മരുന്നിന്റെയും വലിയ ശതമാനം ചെലവ് രോഗികൾ തന്നെ വഹിക്കണം. ശസ്ത്രക്രിയ നടക്കണമെങ്കിൽ മരുന്നും ഉപകരണങ്ങളും ഗ്ലൗസും വാങ്ങി നൽകണം. ശസ്ത്രക്രിയ്ക്കു ശേഷമുള്ള ജീവരക്ഷാമരുന്നുകൾ പോലും പുറത്തുനിന്നും വാങ്ങിനൽകണം. ഇതിനിടെയാണ് രോഗികൾക്ക് ഇരുട്ടടിയായി വികസനസമിതിയുടെ പുതിയ തീരുമാനം.

രോഗികൾ മടങ്ങേണ്ട അവസ്ഥ

നേത്ര വിഭാഗം ഓപ്പറേഷൻ തിയേറ്ററിലെ എ.സിയുടെ കപ്പാസിറ്റർ തകരാറിലായതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികൾ മടങ്ങിപ്പോകേണ്ട സ്ഥിതിയാണ്. കഴിഞ്ഞ 21നാണ് കപ്പാസിറ്റർ കേടായത്. എന്നാൽ സംഭവം അറിഞ്ഞിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. ശസ്ത്രക്രിയയ്ക്ക് മുമ്പായി നിരവധി പരിശോധനകൾ നടത്തണം. ശസ്ത്രക്രിയ നീട്ടിവെയ്ക്കുന്നതോടെ വീണ്ടും പരിശോധനകൾ പണം കൊടുത്ത് ചെയ്യേണ്ട ഗതികേടിലാണ് രോഗികൾ.


ഓഫീസ് ഉപരോധിച്ചു

ഐ.സി.യു, വെന്റിലേറ്റർ സൗകര്യത്തിന് ചാർജ്ജ് എർപ്പെടുത്തിയത് ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.മുരളി ഉപരോധം ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗൗരി ശങ്കർ അദ്ധ്യക്ഷത വഹിച്ചു. ജോബിൻ ജേക്കബ്, സോബിൻ തെക്കേടം, രാഹുൽ അറിയപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.

സാധാരണക്കാരിൽ നിന്നും ഒരു രൂപ പോലും ഈടാക്കുന്നില്ല. സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരിൽ നിന്നും മാത്രമാണ് ഫീസ് ഈടാക്കുന്നത്. ഇങ്ങനെ കണ്ടെത്തുന്ന പണം പാവപ്പെട്ട രോഗികൾക്കായാണ് ഉപയോഗിക്കുന്നത്.

(ആശുപത്രി അധികൃതർ)