കുമരകം : പടിഞ്ഞാറൻ മേഖലയിലാകെ നാശം വിതച്ച കഴിഞ്ഞ ദിവസത്തെ കൊടുങ്കാറ്റിൽ കായലിൽ നീട്ടിയ വല ചേറിൽ താഴ്ന്ന നിലയിൽ. വലകൾ കായലിന്റെ അടിത്തട്ടിലെ ചെളിക്കടിയിൽ പുതഞ്ഞുപോയതോടെ തിരിച്ചെടുക്കാനാകാതെ നഷ്ടപ്പെട്ടു. ചൂളഭാഗം, വെളിയം, കൊല്ലകേരി, നാഷ്ണാന്ത്ര, മങ്കുഴി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമുള്ള 15 ലധികം വള്ളങ്ങളിലെ മത്സ്യ തൊഴിലാളികളുടെ വലയാണ് ഇത്തരത്തിൽ നഷ്ടപ്പെട്ടത്. വെച്ചൂർ പുത്തൻകായൽ പ്രദേശത്തുനിന്നും തെക്കോട്ട് ചിത്തിരക്കായൽ വരെയുള്ള ലൈനിലെ കായലിൽ നീട്ടിയ വലയാണ് ചേറിനടിയിൽ പൂണ്ടു പോയത്. ഒരു കിലോഗ്രാം വലയ്ക്ക് 4500 രുപയോളമാണ് നിർമ്മാണ ചിലവ്. 12 മുതൽ 15 കിലോ വലയാണ് ഓരോ വള്ളത്തിലും ഉപയോഗിച്ച് വരുന്നത്. വേമ്പനാട്ടുകായലിന്റെ പടിഞ്ഞാറേ തീരത്തോട് ചേർന്ന് എക്കൽ മണ്ണ് അടിഞ്ഞ് കൂടി ആഴം കുറഞ്ഞുപോയ പ്രദേശങ്ങളുണ്ട്. ഇവിടെ ആമ്പൽ ചെടികൾ വളർന്ന് നിൽക്കുന്നത് വിനോദ സഞ്ചാരികൾക്ക് കാഴ്ചയ്ക്ക് കൗതുകമാണെങ്കിലും കായലിന്റെ ആഴം കുറഞ്ഞത് പരിസ്ഥിതി നാശത്തിന് ഇടയാക്കിയിരിയ്ക്കുകയാണ്. ഇത്തരത്തിൽ ആഴം കുറഞ്ഞ പ്രദേശങ്ങളിൽ കരിമീനിന്റെ ലഭ്യത കൂടുതലും കാണാനാകും.

അസാധാരണ സംഭവമാണെന്നും വല നഷ്ടപ്പെട്ട തൊഴിലാളികൾക്ക് പകരം വല ലഭിക്കുന്നതിനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും സി.ഐ.ടി.യു മത്സ്യ തൊഴിലാളി യൂണിയൻ കുമരകം യുണിറ്റ് പ്രസിഡന്റ് ഇ.സി മധുവും സെക്രട്ടറി സി.ഡി ബെെജുവും അറിയിച്ചു.

വല നഷ്ടപ്പെട്ടവർ അപേക്ഷയും, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി , ക്ഷേമനിധി ബുക്കിന്റെ കോപ്പി, വല വാങ്ങിയതിന്റെ ബില്ലിന്റെ കോപ്പി, വള്ളം,​വല രജിസ്ട്രേഷൻ കോപ്പി ,ആധാർ കോപ്പി എന്നിവ കാരാപ്പുഴയിലുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ സമർപ്പിക്കണമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.

കായലിൽ ശക്തമായ കാറ്റുള്ളപ്പോഴും, ശക്തമായ ഒഴുക്കിലും വല നീട്ടുന്ന ചില സന്ദർഭങ്ങളിൽ നീട്ടു വല ചുരുണ്ട് പോയി നഷ്ടം സംഭവിക്കാറുണ്ട്. എന്നാൽ വലചേറിൽ പൂണ്ട് പോകുന്നത് ആദ്യത്തെ അനുഭവമാണ്. - കൊച്ചുമോൻ ചൂളഭാഗം (മത്സ്യ തൊഴിലാളി)