വൈക്കം: വൈക്കം ടൗണിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തടയാനെത്തിയ സി.പി.ഐ, എ.ഐ.ടി.യു.സി നേതാക്കളെ പൊലീസ് മർദ്ദിക്കുകയും സി.കെ.ആശ എം.എൽ.എയെ അധിക്ഷേപിക്കുകയും ചെയ്തുവെന്ന പരാതിയിൽ വൈക്കം എസ്.എച്ച്.ഒ കെ.ജെ.തോമസിനെതിരെ അന്വേഷണം ആരംഭിച്ചു.
എസ്.എച്ച്.ഒ യ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ ജില്ലാ കൗൺസിൽ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. വിഷയം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരിട്ട് മുഖ്യമന്ത്രിയെ വിളിച്ച് പരാതിപ്പെടുകയും ചെയ്തിരുന്നു. ബുധനാഴ്ചയാണ് വൈക്കം നഗരസഭ അധികൃതർ വഴിയോര കച്ചവട തൊഴിലാളികളെ ഒഴിപ്പിക്കാനെത്തിയത്. എന്നാൽ തൊഴിലാളികളെ ഒഴിപ്പിക്കുന്നത് കൂടുതൽ ചർച്ചകൾക്കും പുനരധിവാസം ഉറപ്പാക്കിയതിന് ശേഷവുമാകണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ സമരം നടത്തിവരുന്നതിനിടെയാണ് നഗരസഭയുടെ ഒഴിപ്പിക്കൽ. ഇതറിഞ്ഞ് സംഭവസ്ഥലത്തെത്തിയ സി.പി.ഐ, എ.ഐ.ടി.യു.സി നേതാക്കളെ വൈക്കം എസ്.എച്ച്.ഒയടെ നേതൃത്വത്തിൽ മർദ്ദിച്ചുവെന്നും ഇവരെ കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് സ്റ്റേഷനിലെത്തിയ എം.എൽ.എയെ എസ്.എച്ച്.ഒ അപമാനിച്ചുവെന്നുമാണ് സി.പി.ഐയുടെ പരാതി. മർദ്ദനത്തിൽ പരിക്കേറ്റ സി.പി.ഐ വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ്, അസിസ്റ്റന്റ് സെക്രട്ടറി പി പ്രദീപ് അടക്കം നാലുപേർ വൈക്കം ഗവ.ആശുപത്രിയിൽ ചികിത്സയിലാണ്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സാജു വർഗീസിനാണ് അന്വേഷണ ചുമതല. ജില്ലാ കൗൺസിൽ ഓഫീസിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനുവിന്റെയും, വൈക്കത്തെത്തി സി.കെ.ആശ എം.എൽ.എയുടെയും മൊഴിയെടുത്തു. എസ്.എച്ച്.ഒ അപമാനിച്ചു എന്നത് ചൂണ്ടിക്കാട്ടി നിയമസഭ സ്പീക്കർക്ക് എം.എൽ.എ പരാതി നൽകിയിട്ടുണ്ട്.

ബിജു.വി.കണ്ണേഴൻ
വഴിയൊരക്കച്ചവട തൊഴിലാളി ഫെഡറേഷൻ(എ.ഐ.ടി.യു.സി) സെക്രട്ടറി

വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇത്രയധികം സംഭവ വികാസങ്ങൾ ഉണ്ടാവുകയും മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ഇക്കാര്യത്തിൽ വിശദീകരണം തേടിയിരിക്കുകയും ചെയ്തിട്ടുള്ള സാഹചര്യത്തിലും നഗരസഭ കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടിയുമായി മുന്നോട്ട് പോകുന്നത് സംസ്ഥാനം ഭരിക്കുന്ന എൽ. ഡി.എഫ് സർക്കാരിനോടുള്ള വെല്ലുവിളിയാണ്. ഇന്നലെയും കച്ചവടക്കാരെ വേട്ടയാടുന്ന നടപടിയാണ് നഗരസഭ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായത്. വഴിയോര കച്ചവടക്കാരുടെ ജീവിത മാർഗ അടയാത്ത തരത്തിൽ വിഷയം ചർച്ച ചെയ്ത് പരിഹരിക്കണം. അതുവരെ ഒഴിപ്പിക്കൽ നടപടികൾ നിർത്തി വെക്കണം.അല്ലാത്തപക്ഷം ശക്തമായ സമരം നഗരസഭ നേരിടേണ്ടി വരും.