carithasss

കോട്ടയം : ആരോഗ്യ സേവന രംഗത്ത് പുതിയ അദ്ധ്യായം എഴുതിച്ചേർത്ത് കാരിത്താസ് ആശുപത്രി സ്‌കൈ എയർ മൊബിലിറ്റിയുമായി ചേർന്ന് ഡ്രോൺ വഴി മെഡിക്കൽ ഡെലിവറി ആരംഭിച്ചു. ആദ്യ പരീക്ഷണം എന്ന നിലയിൽ കാരിത്താസ് ആശുപത്രിയിൽ നിന്ന് കളത്തിപ്പടി കാരിത്താസ് ഫാമിലി ആശുപത്രിയിലേക്കും കൈപ്പുഴ കാരിത്താസ് കെ.എം.എ ആശുപത്രിയിലേക്കും മരുന്നുകൾ എത്തിച്ചു. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു പാസ്റ്ററൽ കെയർ ഡയറക്ടർ ഫാ. ഡോ. ബ്രസൺ ഒഴുങ്ങാലിൽ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.എബി അലക്‌സ് വടക്കേക്കര, ചീഫ് ഓപ്പറേഷൻസ് ഓഫീസർ ഡോ. അജിത്ത് വേണുഗോപാലൻ, എയർ മൊബിലിറ്റി സി.ഇ.ഒയും സ്ഥാപകനുമായ അങ്കിത്ത് കുമാർ എന്നിവർ പങ്കെടുത്തു.

ഡ്രോൺ സേവനം ഇങ്ങനെ
ഡ്രോണിന് 4 മുതൽ 6 കിലോമീറ്റർ ദൂരം വരെ 3 കിലോഗ്രാമോളം ഭാരമുള്ള മെഡിക്കൽ സാധനങ്ങൾ വഹിക്കാൻ കഴിയും. ഡെലിവറി സമയം മണിക്കൂറുകളിൽ നിന്ന് 57 മിനിട്ടിലേക്ക് ഗണ്യമായി കുറയ്ക്കുകയാണ് ലക്ഷ്യം. അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിലുള്ള ആരോഗ്യ പരിചരണം ഉറപ്പാക്കാനാകും. ഡ്രോണുകൾ ഉപയോഗിക്കുന്നതിനാൽ പരമ്പരാഗത ഗതാഗത രീതികളുമായി ബന്ധപ്പെട്ട കാർബൺ ഉപയോഗം കുറയ്ക്കാനും സഹായിക്കുന്നു.


''പദ്ധതി കോട്ടയത്തിന്റെ ആരോഗ്യ മേഖലയിൽ വലിയ വഴിത്തിരിവാകും. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്കും മറ്റും മരുന്നുകൾ , ലാബ് സാമ്പിളുകൾ, ആരോഗ്യ ഉപകരണങ്ങൾ എന്നിവ എത്തിക്കാം. സാധാരണക്കാരുടെ ആരോഗ്യ ജീവിതം കൂടുതൽ മെച്ചപ്പെട്ടതാക്കാനും കഴിയും.

(ഫാ. ഡോ ബിനു കുന്നത്ത് , ആശുപത്രി ഡയറക്ടർ)