കോട്ടയം: അമ്മയും രണ്ട് പെൺകുട്ടികളും അടങ്ങുന്ന കുടുംബത്തിന് വാടക വീട്ടിൽ നിന്നും സ്വന്തം ഭവനത്തിലേക്ക് ഇനി മടങ്ങാം. കാഞ്ഞിരപ്പള്ളി താലൂക്കിലെ വിമുക്തഭട കൂട്ടായ്മയായ നാഷണൽ എക്‌സ് സർവീസ് മെൻ കോർഡിനേഷൻ കമ്മറ്റിയും പാറത്തോട് പഞ്ചായത്തിലെ ലൈഫ് മിഷൻ പദ്ധതിയുമായി ചേർന്നാണ് നിർദ്ധന കുടുംബത്തിന് വീട് നിർമ്മിച്ചു നൽകിയത്. നിർമ്മാണത്തിലെ പ്ലാസ്റ്ററിംഗ്, കിച്ചൻ വർക്‌സ്, ബാത്ത്‌റൂം ഫിറ്റിംഗ്‌സ്, ടൈൽ വർക്‌സ്, ഡോർ ഫിറ്റിംഗ്‌സ്, ഇലക്ട്രിക്കൽ വർക്‌സ്, മുറ്റം മുതലായ വർക്കുകൾ വിമുക്തഭടൻമാർ പൂർത്തികരിച്ചു നൽകി. നിർമ്മാണ പ്രവർത്തനങ്ങൾക്ക് പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ശശികുമാർ, വാർഡ് മെമ്പർമാരായ സിന്ധു മോഹനൻ, കെ.എ സിയാദ്, വിമുക്തഭടൻമാരായ സിബി കൂരമറ്റം, ഇ.ജി പ്രകാശ് തുടങ്ങിയവർ മേൽനോട്ടം വഹിച്ചു. ഇന്ന് രാവിലെ 10ന് താക്കോൽ ദാനം പഞ്ചായത്ത് പ്രസിഡന്റ് ശശികുമാർ നിർവഹിക്കും. നാഷണൽ എക്‌സ് സർവീസ്‌മെൻ കോർഡിനേഷൻ സംസ്ഥാന ഉപദേശകസമിതി ചെയർമാൻ കെ.എസ് തോമസ് ഉദ്ഘാടനം ചെയ്യും.