1222

കോട്ടയം: മുളക് ബജി, മുട്ടബജി, കായബജി, പഴംപൊരി , ഉഴുന്നുവട.... കടയിലെ തട്ടിൽ പലഹാരങ്ങൾ എല്ലാമുണ്ട്. പക്ഷേ വേണ്ടത് ഒന്നുമാത്രമില്ല... വൃത്തി! ലൈസൻസ് വേണ്ട, ഹെൽത്ത് സർട്ടിഫിക്കറ്റ് വേണ്ട, ശുചിത്വ മാനദണ്ഡമില്ല, പരിശോധനയില്ല. വഴിയോരങ്ങളിൽ കൂണുപോലെ മുളയ്ക്കുന്ന തട്ടുകടകളുടെ യും ബജിക്കടകളുടെയും ആകെ ചിത്രം ഇതാണ്. തട്ടുകടകൾ വെറും തട്ടിപ്പാകുന്നത് ഇങ്ങനെയൊക്കെയാണ്. ഒരു പടുതയും രണ്ട് കസേരയും മേശയുമുണ്ടെങ്കിൽ വഴിയോരത്ത് ആർക്കും കട തട്ടിക്കൂട്ടാം എന്നതാണ് അവസ്ഥ. വഴിയോരങ്ങളിൽ വാഹനം പാർക്ക് ചെയ്യാൻ അല്പം ഇടമുള്ള സ്ഥലങ്ങളിലെല്ലാം ബജിക്കടകളും തട്ടുകടകളും ഉയരുകയാണ്. നിലവിൽ കോട്ടയം നഗരത്തിൽ ഉൾപ്പെടെ ഇതാണ് അവസ്ഥ. നഗരസഭ , ആരോഗ്യവകുപ്പ് അധികൃതരുടെ പരിശോധനയില്ലാത്തത് തന്നെ ഇതിന് കാരണം.

കടകൾക്കെന്ത് സർട്ടിഫിക്കറ്റ്

എല്ലാ നിർദേശങ്ങളും ലംഘിച്ചാണ് ഏറിയപങ്കും കടകളുടെയും പ്രവർത്തനം. ഉപയോഗിക്കുന്ന മാംസത്തിന്റേതുൾപ്പെടെയുള്ള നിലവാരവും പാത്രങ്ങളുടെ ശുചിത്വവും പരിശോധനയ്ക്ക് വിധേയമാക്കാറില്ല. ഭക്ഷണസാധനങ്ങളുടെ അളവിലും തൂക്കത്തിലും വിലയിലും യാതൊരു മാനദണ്ഡങ്ങളുമില്ല. നായകളും എലികളും വട്ടമിടുന്ന അന്തരീക്ഷത്തിലാണ് പല തും പ്രവർത്തിക്കുന്നത്മേ. പാത്രങ്ങളും വെള്ളവും ഭക്ഷണത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുമൊക്കെ രോഗങ്ങൾക്കും കാരണമാകും. മഴവെള്ളത്തിൽ പാത്രം കഴുകുന്ന കടകളുമുണ്ട്. ക്രിമിനലുകളും ക്രിമിനൽ സ്വഭാവമുള്ള അന്യസംസ്ഥാന തൊഴിലാളികളുമൊക്കെ ഇത്തരം തട്ടുകടകളിൽ ജീവനക്കാരായുണ്ടാകും.

വിലക്കുറവ് ആകർഷണം
ചെറുകടിയ്ക്കും ചായയ്ക്കു 10 രൂപ വീതം ഈടാക്കുന്നതിനാൽ ഏവരും ഇവിടേയ്ക്ക് ഓടിയെത്തും. എന്നാൽ, ഇവിടെ ഉപയോഗിക്കുന്ന എണ്ണയും മറ്റു ഭക്ഷ്യ വസ്തുക്കളും ആരും ശ്രദ്ധിക്കാറില്ല.

ചൂടു ഭക്ഷണം മിതമായ നിരക്കിൽ എന്ന അവസ്ഥ മാറി.

തട്ടുകടളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധനയില്ല.

ആവർത്തിച്ച് ഉപയോഗിക്കുന്ന എണ്ണ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കും.