പരമഭട്ടാരക ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ 171-ാം ജയന്തി ഇന്ന് ആഘോഷിക്കുകയാണ്. അനുഭവജ്ഞാനം കൊണ്ട് നാസ്തികൻമാരുടെ ഗർവ് ശമിപ്പിക്കാൻ പ്രാഗത്ഭ്യം നേടിയ സ്വാമികളുടെ സ്ഥാനമെന്നും പുരോഗമന കേരളത്തിന്റെ നെറുകയിലാണ്.
അനാചാരങ്ങൾ കൊടികുത്തിവാണിരുന്ന കാലത്ത് സ്വന്തം ജീവിതചര്യകൊണ്ട് ഭിന്ന സമുദായങ്ങൾ തമ്മിൽ സൗഹാർദ്ദം സ്ഥാപിക്കാൻ പ്രചോദനമേകിയ സാമൂഹിക പരിഷ്‌കർത്താവാണ് ബ്രഹ്മശ്രീ ചട്ടമ്പി സ്വാമികൾ. അവഹേളിക്കാൻ സമീപിക്കുന്നവരെയും ബഹുമാന പരതന്ത്രരാക്കാൻ കഴിഞ്ഞിരുന്ന ബുദ്ധിസമ്പന്നൻ. ശങ്കരാചാര്യ സ്വാമികൾക്ക് ശേഷം സർവജ്ഞനും സർവകലാവല്ലഭനും സിദ്ധയോഗിയും സാമൂഹിക പരിഷ്‌കർത്താവും ഗ്രന്ഥകാരനുമൊക്കെയായി മലയാള മണ്ണിൽ വിലസിയ യതിവര്യൻ പിറവിയെടുത്തത് കൊല്ലവർഷം 1029-മാണ്ടിൽ ചിങ്ങമാസത്തിലെ ഭരണി നാളിലാണ്. തിരുവനന്തപുരം കൊല്ലൂരിൽ ഉള്ളൂർകോട് തറവാട്ടിൽ ജനിച്ചു. അദ്ദേഹത്തിന്റെ ജന്മസ്ഥലം ഇന്ന് കണ്ണമ്മൂലയെന്ന് അറിയപ്പെടുന്നു. ദാരിദ്ര്യം മാത്രം കൈമുതലായുള്ള കുടുംബത്തിൽ പിറന്നതുകൊണ്ടു തന്നെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യം ലഭിച്ചിരുന്നില്ല. പൂർവസുകൃതവും നിരന്തര പരിശ്രമവും ഈശ്വരാനുഗ്രഹവുമൊക്കെ ഒത്തുചേർന്നപ്പോൾ 25 വയസിനകം മൂന്ന് ഭാഷകളിലും കലകളിലും യോഗ വേദാന്ത ദർശനങ്ങളിലും അപാര പാണ്ഡിത്യവും പരിചയസമ്പത്തും കൈവരിച്ചു. മലയാളം, തമിഴ്, സംസ്‌കൃതം ഭാഷകളിൽ ആഴത്തിലുള്ള അറിവ് നേടാനായി. വിവിധ യോഗകലകൾ, ജ്ഞാനാഭ്യാസം തുടങ്ങിയ ആദ്ധ്യാത്മിക സാധനകൾ വഴി ബ്രഹ്മസാക്ഷാത്കാരം നേടി. ജീവൻമുക്തനും അതിവർണാശ്രമിയുമായ ഒരു മഹാത്മാവായി തീരുകയും ചെയ്തു. വർണാശ്രമ വ്യവസ്ഥകളെയോ ജാതിഭേദങ്ങളെയോ ഗണിക്കാതെ എല്ലാ വസ്തുക്കളിലും ഒരേ ബ്രഹ്മ്യചൈതന്യമാണെന്നറിഞ്ഞ് ആത്മാരാമനായി കഴിയുന്ന മഹാത്മാവാണ് അതിവർണാശ്രമി. അങ്ങനെയുള്ള മഹാത്മാക്കൾ ആശ്രമം സ്ഥാപിക്കുകയോ സംഘടന രൂപീകരിച്ച് അതിന്റെ നേതൃത്വം വഹിക്കുകയോ ചെയ്യാതെ സാധാരണ ജനങ്ങളുടെ ഇടയിൽ സാധാരണക്കാരനെപ്പോലെ കഴിഞ്ഞുകൂടുകയാണ് പതിവ്. അങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിയ മഹാത്മാവായിരുന്നു ചട്ടമ്പി സ്വാമി തിരുവടികൾ. കുട്ടിക്കാലത്തെ പേര് അയ്യപ്പനെന്നായിരുന്നു. പേട്ടയിൽ രാമൻപിള്ള ആശാന്റെ കളരിയിൽ പഠിച്ചിരുന്ന കാലത്ത് 'മോനിട്ടർ' എന്ന അർത്ഥത്തിൽ 'ചട്ടമ്പി' സ്ഥാനം അദ്ദേഹത്തിന് ലഭിച്ചു. സർവശാസ്ത്ര പാരംഗതനായ ആചാര്യൻ എന്ന അർത്ഥത്തിൽ പിന്നീട് പരമഭട്ടാരക ശ്രീ വിദ്യാധിരാജ തീർത്ഥപാദ സ്വാമികൾ എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങി.
തന്റെ ഗൃഹസ്ഥ ശിഷ്യൻമാരിൽ പ്രധാനിയായിരുന്ന കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹം പന്മനയിൽ വന്നുതാമസിച്ചു. അക്കാലത്ത് അദ്ദേഹം ആദിമഭാഷ, ജീവകാരുണ്യ നിരൂപണം തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ചു. അദ്ദേഹം വിശ്രമിച്ചിരുന്ന പർണശാലയ്ക്ക് സമീപം ആജൻമശത്രുക്കളായ സർപ്പങ്ങളും തവളകളും ഒത്തുചേർന്ന് അതിവർണാശ്രമിയായ സ്വാമികളുടെ സാന്നിദ്ധ്യം അനുഭവിക്കുന്നത് കണ്ട് പലരും അദ്ഭുതപ്പെട്ടിട്ടുണ്ട്. സ്വാമികളുടെ ഗവേഷണ ശ്രമങ്ങളെ ദേശചരിത്രം, ഭാഷാ ശാസ്ത്രം, മതതത്വം, ആദ്ധ്യാത്മികം ഇങ്ങനെ നാലായി തിരിക്കാം. വേദാധികാര നിരൂപണം, അദ്വൈത ചിന്താപദ്ധതി, മോക്ഷപ്രദീപ ഖണ്ഡനം, ജീവകാരുണ്യ നിരൂപണം, ക്രിസ്തുമത ഛേദനം തുടങ്ങി ഒട്ടനവധി ഗ്രന്ഥങ്ങൾ തമിഴിലും മലയാളത്തിലുമായി അദ്ദേഹം രചിച്ചു. സാഹിത്യത്തിന് പുറമേ ശാസ്ത്രീയ സംഗീതത്തിൽ അഗാധമായ അറിവും ആവിഷ്‌കാരമികവും നേടിയിരുന്നു. സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലും അദ്ദേഹം അദ്വിതീയനായിരുന്നു. ചിത്രരചന, ജ്യോതിഷം, മർമശാസ്ത്രം, വിഷവൈദ്യം ആയുർവേദം അങ്ങനെ വിവിധശാഖകളിൽ അദ്ദേഹം വജ്രംപോലെ തിളങ്ങി. ഹിന്ദുമതത്തിന് പുതുചൈതന്യം നൽകി ഇന്ത്യയൊട്ടാകെ സഞ്ചരിച്ച സ്വാമി വിവേകാനന്ദൻ അമേരിക്കയിൽ സർവമത സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നതിന് മുമ്പായി കേരളത്തിലും എത്തി. കേരളം ഭ്രാന്താലയമെന്ന് തോന്നിയ സ്വാമി വിവേകാനന്ദന് ആശ്വാസം തോന്നിയ രണ്ട് സംഭവങ്ങളിൽ ഒന്ന് കൊടുങ്ങല്ലൂരിൽ സ്ത്രീകൾ സംസ്‌കൃതം സംസാരിച്ചതും രണ്ടാമത്തേത് ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയതുമായിരുന്നു. ബംഗാൾ മുതൽ തന്റെ സഞ്ചാരത്തിനിടെ പലസന്യാസിമാർക്കും മുന്നിൽ ഉന്നയിച്ച സംശയം അദ്ദേഹം ചട്ടമ്പി സ്വാമികളോടും ചോദിച്ചു. ചിന്മുദ്രയെപ്പറ്റിയായിരുന്നു അത്. ചട്ടമ്പി സ്വാമികൾ മുദ്രകാണിച്ചുകൊടുക്കുകയും മുദ്രയുടെ ഗുണത്തെക്കുറിച്ച് വിസ്തരിക്കുകയും ചെയ്തു. ഇതിന് ശേഷം ബംഗാളിൽ നിന്ന് നിരവധി സന്യാസിമാർ ചട്ടമ്പിസ്വാമികളെ കാണാൻ വന്നു.
കൊല്ലവർഷം 1099 മേടം 23ന് പന്മനയിലെ പത്മനാഭപിള്ള സ്മാരക വായനശാലയിൽവച്ചാണ് സമാധിയായത്. ഭൗതിക ശരീരം സ്വന്തം ആഗ്രഹപ്രകാരം പന്മനക്കാവിൽ സംസ്‌കരിച്ചു. അദ്ദേഹത്തെ സമാധിയിരുത്തിയ പുണ്യസ്ഥലത്താണ് പ്രസിദ്ധ പന്മന ശ്രീ ബാലഭട്ടാരകേശ്വര ക്ഷേത്രവും ആശ്രമവും സ്ഥിതിചെയ്യുന്നത്. സമാധിയായതിന് ശേഷം കൊല്ലവർഷം 1106 മീനമാസം മൂന്നിന് സമാധിത്തറയ്ക്ക് മുകളിൽ അരുമ ശിഷ്യൻ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ നേതൃത്വത്തിൽ ഒരു ശിവലിംഗ പ്രതിഷ്ഠ നടത്തി. അന്ന് എൻ.എസ്.എസിന്റെ നേതൃത്വത്തിൽ ചവറയിൽ മൂന്നാം നായർ മഹാസമ്മേളനം നടക്കുകയായിരുന്നു. സമുദായാചര്യൻ മന്നത്ത് പത്മനാഭൻ നേതൃത്വം കൊടുത്ത് നടത്തിയ മഹാസമ്മേളനത്തിന് എത്തിയ മുഴുവൻ പേരും പ്രതിഷ്ഠാ കർമത്തിനും സാക്ഷികളായി. പ്രതിഷ്ഠയോട് അനുബന്ധിച്ച് നിർമിച്ച ക്ഷേത്രമാണ് സമാധി ക്ഷേത്രം അഥവാ ശ്രീ ബാലഭട്ടാരകേശ്വര ക്ഷേത്രം. സദ്ഗുരുവും പരിപൂർണ കലാനിധിയുമായ ചട്ടമ്പി സ്വാമികൾ കാലത്തിനും അതീതനായിരുന്നു.