market

കോട്ടയം: കോടിമത പച്ചക്കറി മാർക്കറ്റിന്റെ ദുരിതം എന്നവസാനിക്കും? നാളുകളായി കോട്ടയത്തുകാർ ചോദിക്കുന്ന ഈ ചോദ്യത്തിന് ഇന്നും ഉത്തരമില്ല. വൃത്തിയില്ലാത്ത ടോയ്‌ലെറ്റുകൾ, മണ്ണും മാലിന്യവും നിറഞ്ഞ ഒാടകൾ, കടിച്ചുകീറാൻ നിൽക്കുന്ന തെരുവ്‌ നായ്ക്കൾ എന്നിങ്ങനെ ദുരിതങ്ങളൊഴിയാതെ നിൽക്കുകയാണ് മാർക്കറ്റ്. നഗരത്തിരക്കിൽ നിന്നും മാറി നഗരസഭയുടെ മൂക്കിന് കീഴെ സ്ഥിതി ചെയ്യുന്ന മാർക്കറ്റാണ് അസൗകര്യങ്ങൾക്ക് നടുവിലുള്ളത്. 130 വലിയ കടകളും 30 വെണ്ടർ സ്റ്റാളുകളുമാണ് ഇവിടെ പ്രവർത്തിക്കുന്നത്. പ്രതിദിനം 50 ഓളം ലോറികൾ ഇതരസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ വലുതും ചെറുതുമായ ലോഡുകളുമായി എത്തുന്നുണ്ട്. കൂടാതെ, 18 ഓളം സത്രീ ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്. തുടർച്ചയായ പരാതിയെ തുടർന്നാണ് പൊട്ടിത്തകർന്ന മേൽക്കൂര നന്നാക്കി ചോർച്ചയ്ക്ക് പരിഹാരം കണ്ടത്.

മഴ പെയ്താൽ വെള്ളക്കെട്ട്
മാർക്കറ്റിനുള്ളിലെ ഓടകളിൽ പലതും മണ്ണും മാലിന്യവും നിറഞ്ഞ് ഒഴുക്ക് നിലച്ച സ്ഥിയിലാണ്. മഴ പെയ്താൽ മാർക്കറ്റിനുൾവശം വെള്ളക്കെട്ടിലാകും. വെള്ളക്കെട്ട് സംബന്ധിച്ച് വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയില്ല. തെരുവ്‌നായ്ക്കളും വാസ സ്ഥലം കൂടിയാണ് മാർക്കറ്റ്. മാർക്കറ്റിലെത്തുന്നവർ ഇവറ്റകളെയും ഭയപ്പെടണമെന്നതാണ് അവസ്ഥ. പെറ്റുപെരുകുന്ന നായ്ക്കൂട്ടത്തെ പ്രതിരോധിക്കാൻ നഗരസഭ ഒന്നും ചെയ്യുന്നില്ല.

ടോയ്‌ലെറ്റുകൾ വൃത്തിഹീനം
പത്ത് ടോയ്‌ലെറ്റുകളും ഒരു കുളിമുറിയും ആണ് കെട്ടിടത്തിലുള്ളത്. ടോയ്‌ലെറ്റിലെ വെള്ളമില്ലായ്മ പരിഹരിച്ചെങ്കിലും സ്ത്രീകളുടെ ടോയ്‌ലെറ്റ് ഉൾപ്പെടെ വൃത്തിഹീനമാണ്. വാതിലുകളും ടൈലുകളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാത്തതിനാൽ സ്ത്രീ ജീവനക്കാരിൽ പലരും ജോലി നിർത്തേണ്ട സ്ഥിതിയാണ്. ഫീസ് ഈടാക്കുന്നതിനായി നഗരസഭ ജീവനക്കാരനെയും ഇവിടെ നിയമിച്ചിട്ടുണ്ട്.