വൈക്കം: വഴിയോര കച്ചവടക്കാരെ നഗരസഭ ഒഴിപ്പിക്കാൻ തീരുമാനിച്ചത് പ്രത്യേക സമിതിയുടെ പഠന റിപ്പോർട്ടിന്റെയും ജനങ്ങൾ വഴിയോര കച്ചവടക്കാർക്കെതിരെ പ്രതികരിച്ചതിന്റെയും അടിസ്ഥാനത്തിലെന്ന് നഗരസഭ ചെയർപേഴ്‌സൺ പ്രീത രാജേഷും വൈസ് ചെയർമാൻ പി.ടി.സുഭാഷും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വഴിയോര കച്ചവടക്കാർ വലിയ തോതിൽ ഗതാഗത തടസത്തിന് കാരണമാകുന്നുവെന്നും അവരെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് 2021 ആഗസ്​റ്റിൽ വൈക്കം പൊലീസ് നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നു. 2022 ജൂലൈ 7 ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയും ഇതേ ആവശ്യം ഉന്നയിച്ച് കത്ത് നൽകി. 8 ന് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം വഴിയോര കച്ചവടക്കാരെ വലിയകവല, പെരുഞ്ചില, ലിങ്ക് റോഡ് പടിഞ്ഞാറുവശം, വൈക്കം ഉദയനാപുരം റോഡ്, വൈക്കം തലയോലപ്പറമ്പ് റോഡ് ഭാഗത്തു നിന്നും ഒഴിവാക്കി റിപ്പോർട്ട് ചെയ്യണമെന്ന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. 2022 ജൂലൈ 27 ന് താലൂക്ക് വികസന സമിതിയിൽ ആവശ്യം ഉയർന്നതിനെ തുടർന്ന് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് തഹസീൽദാർ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ കൗൺസിൽ ഐകകണ്‌ഠേന തീരുമാനിച്ചാണ് കഴിഞ്ഞ ദിവസം വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ നടപടി സ്വീകരിച്ചത്. അനധികൃത കച്ചവടക്കാരെ ഒഴിവാക്കുന്നതിന് മുൻപായി അവരെ നേരിട്ട് കണ്ടിരുന്നു. എല്ലാ വിഭാഗം ട്രേഡ് യൂണിയൻ നേതാക്കളുമായി ചർച്ച ചെയ്ത് കോവിലകത്തുംകടവ് മത്സ്യമാർക്ക​റ്റിലേക്കും, ശ്രീമൂലം മത്സ്യമാർക്ക​റ്റിലേക്കും മാറാൻ നിർദ്ദേശിച്ചു. ഇതിനെക്കുറിച്ച് പഠിക്കാൻ ട്രേഡ് യൂണിയനുകൾ ഉൾപ്പെടെ ഉളള സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
എന്നാൽ വൈക്കം സി.കെ.ആശ എം.എൽ.എ യും മുൻ നഗരസഭാ ചെയർമാൻമാരായ അനിൽ ബിശ്വാസും ബിജു.വി കണ്ണേഴത്തും ചേർന്ന് അനധികൃത വഴിയോര കച്ചവടക്കാരെ വീണ്ടും പുനഃസ്ഥാപിക്കുവാൻ നടത്തുന്ന നീക്കം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് ചെയർപേഴ്‌സൺ പറഞ്ഞു.