truck

കോട്ടയം: കോടിമത എം.ജി ബൈപ്പാസ് റോഡ് കയ്യേറി ഹെവി ട്രക്കുകൾ. റോഡിന്റെ ഇരുവശങ്ങളും കവർന്നെടുത്ത് അനധികൃത പാർക്കിംഗ് നടത്തിയിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. ട്രക്കുകൾ കൂടാതെ, പച്ചക്കറി മാർക്കറ്റിലേക്കുള്ള ചരക്ക് ലോറികളുമുണ്ട്. കോടിമതയിലെ വാഹനഷോറൂമുകളിലേക്കായി പുതിയ കാറുകളുമായി ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വലിയ ട്രക്കുകളാണ് ഇവിടെ പാർക്ക് ചെയ്യുന്നത്.


വളവിലെ പാർക്കിംഗ്
റോഡിലെ വളവ് നിറഞ്ഞ ഭാഗത്തും ലോറികൾ പാർക്ക് ചെയ്തിരിക്കുന്നത് മൂലം അപകടങ്ങൾ പതിവാണ്. ഇരുചക്രവാഹന യാത്രക്കാരാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. റോഡിൽ വെളിച്ചമില്ലാത്തതും അപകടത്തിന് ഇടയാക്കുന്നു. രാത്രികാലങ്ങളിൽ വാഹനങ്ങളിൽ നിന്നുള്ള വെളിച്ചം മാത്രമാണ് ഇവിടെ ആശ്രയം. വളവ് നിറഞ്ഞ റോഡും കവർന്ന് പാർക്ക് ചെയ്യുന്നതിനാൽ എതിർവശത്തുനിന്നുവരുന്ന വാഹനത്തിലെ ഡ്രൈവർമാർക്ക് പരസ്പരം കാണാൻ സാധിക്കാതെ വരുന്നു.
കോടിമത മത്സ്യ പച്ചക്കറി മാർക്കറ്റ്, കളക്ട്രേറ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നതിനുള്ള എളുപ്പമാർഗവും എം.സി റോഡിനെ കെ.കെ റോഡുമായി ബന്ധിപ്പിക്കുന്ന റോഡ്കൂടിയാണിത്.

കാടുമൂടിയ ട്രക്കുകളും
റോഡരികിൽ വർഷങ്ങൾ പഴക്കമുള്ള നിരവധി ട്രക്കുകൾ കാടുമൂടി കിടക്കുന്നുണ്ട്. കേടുപാടുകൾ പറ്റിയതും ഉപേക്ഷിക്കപ്പെട്ടതുമായ ട്രക്കുകളാണ് ഇവ. ഇവയ്ക്ക് അടിയിലാണ് തെരുവുനായ്ക്കളുടെ താമസം. രാത്രി സമയത്ത് വാഹനങ്ങൾ ഇതുവഴി പോകുമ്പോൾ തെരുവുനായ്ക്കൾ കുരച്ചുകൊണ്ട് വാഹനത്തിന് പിന്നാലെ പായുന്നതും നിത്യസംഭവമാണ്. ഇവിടെ പാർക്ക് ചെയ്തിരിക്കുന്ന ട്രക്കുകൾക്ക് അടിയിൽനിന്ന് കുരച്ചുകൊണ്ട് അപ്രതീക്ഷിതമായി നായ്ക്കൾ ചാടുമ്പോൾ വാഹനത്തിന്റെ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുന്നതിൽ ഏറെയും ഇരുചക്ര വാഹനയാത്രികരാണ്.

ഇവിടെ ലോറികൾ പാർക്ക് ചെയ്യുന്നതിന് നഗരസഭ പണം ഈടാക്കുന്നുണ്ട്. ലോറികളുടെ അനധികൃത പാർക്കിംഗ് ഒഴിവാക്കണമെന്ന് നഗരസഭാധികൃതരെ വിവരം അറിയിച്ചിട്ടും നടപടിയില്ല. - യാത്രക്കാർ