ss

കോട്ടയം: ചിരിപ്പിക്കാനായി ജീവിതം മാറ്റിവച്ച കൊല്ലം സുധിക്കായി മാടപ്പള്ളിയിൽ പണികഴിപ്പിച്ച 'സുധിലയ'ത്തിന്റെ പാലുകാച്ചൽ ഇന്ന് രാവിലെ 10.30ന് നടക്കും. കേരള ഹോം ഡിസൈൻ​ എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്നാണ് വീട് നിർമ്മിച്ചത്.

മികച്ച കലാകാരനായി തിളങ്ങി നിന്നെങ്കിലും കടബാദ്ധ്യതകൾ സുധിയെ തകർത്തിരുന്നു. റിയാലിറ്റി ഷോകളിലൂടെ തിരിച്ചുവരുന്നതിനിടെ അപ്രതീക്ഷിത മരണവും. വാടകവീട്ടിലായിരുന്നു താമസം. ആംഗ്ലിക്കൻസഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ രൂപതയിലെ ബിഷപ്പ് നോബിൾ ഫിലിപ്പ് സൗജന്യമായി നൽകിയ സ്ഥലത്താണ് വീടൊരുക്കിയത്. പ്ലാന്തോട്ടം കവലയിലുള്ള ഏഴുസെന്റ് സ്ഥലത്താണ് പുതിയ വീട്. സുധിയുടെ മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരിലാണ് സ്ഥലം രജിസ്റ്റർ ചെയ്തിരിക്കുന്നത്.

എല്ലാ സൗകര്യങ്ങളും

മെറ്റലിന്റെ പ്രധാന വാതിലും കാറ്റും വെളിച്ചവും കയറുന്ന ലിവിംഗ് ഏരിയയും ഡൈനിംഗ് ഏരിയയും മൂന്ന് കിടപ്പുമുറികളും ഉൾപ്പെടുന്നതാണ് വീട്. ഗ്രാനൈറ്റിൽ തീർത്ത സുധിയുടെ ചിത്രവും ഭിത്തിയിലുണ്ട്. എല്ലാവിധ സൗകാര്യങ്ങളും വീട്ടിൽ ഒരുക്കിയിട്ടുണ്ട്. സുധിലയെന്ന പേര് ഭാര്യ രേണു സമൂഹ മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. കെ.എച്ച്.ഡി.ഇ.സി ഗ്രൂപ്പ് ഫൗണ്ടർ ഫിറോസ് പാലുകാച്ചൽ ചടങ്ങിന്റെ ക്ഷണപത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.. 2023 ജൂൺ 5നാണ് കൊല്ലം സുധിയുടെ മരണത്തിന് കാരണമായ അപകടം നടന്നത്. പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം.